ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ മരണങ്ങളും തടയാൻ കഴിഞ്ഞത് രണ്ടു വാക്സിൻ ഡോസുകൾ മൂലമാണെന്ന് ഐസിഎംആർ പഠനം. പൊലീസുകാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തമിഴ്നാട്ടിലെ 1,17,524 പൊലീസ് ഉദ്യോഗസ്ഥരിൽ വാക്സിൻ ഫലപ്രാപ്തിയുണ്ടായതായി പഠനം വിലയിരുത്തി.
67,673 പൊലീസുകാർ രണ്ടു ഡോസും, 32,792 പേർ ഒരു ഡോസും, 17,059 പേർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നീതി ആയോഗ് അംഗം ജോ.വി.കെ.പോൾ അഭിപ്രായപ്പെട്ടു. വാക്സിൻ സ്വീകരിക്കാത്ത 17,059 പൊലീസുകാരിൽ 20 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആദ്യ ഡോസ് സ്വീകരിച്ച 7 പേരും മരിച്ചിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ച 67,673 പേരിൽ നാലുപേരും മരിച്ചിട്ടുണ്ട്.
വാക്സിനേഷൻ എടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരിൽ മരണനിരക്ക് ആയിരത്തിൽ 1.17 ഉം ഒരു ഡോസ് എടുത്തവരിൽ ആയിരത്തിൽ 0.21 ഉം രണ്ട് ഡോസും ലഭിച്ചവരിൽ ആയിരത്തിന് 0.06 ഉം ആണ് മരണനിരക്കെന്ന് പോൾ പറഞ്ഞു. ഒരു ഡോസ് ലഭിച്ച ഉദ്യോഗസ്ഥരിൽ 82 ശതമാനം വാക്സിൻ ഫലപ്രാപ്തിയും രണ്ട് ഡോസുകൾ എടുത്തവരിൽ 95 ശതമാനം ഫലപ്രാപ്തിയും പഠന ഫലങ്ങൾ കാണിക്കുന്നുവെന്ന് പോൾ പറഞ്ഞു.
രണ്ട് ഡോസ് വാക്സിൻ കോവിഡ് -19 മൂലമുള്ള 95 ശതമാനം മരണങ്ങൾ തടയുന്നതിൽ വിജയിച്ചുവെന്നാണ് പഠന നിഗമനം. ഡെൽറ്റ വകഭേദത്തെ തുടർന്നുണ്ടായ രണ്ടാമത്തെ തരംഗത്തിനിടയിലാണ് ഇതെന്ന് പോൾ പറഞ്ഞു.
അടുത്ത മൂന്നോ നാലോ മാസം വളരെ നിർണായകമാണെന്ന് മൂന്നാം തരംഗത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ”മൂന്നാം തരംഗം നമ്മുടെ രാജ്യത്ത് ഉണ്ടാകരുതെന്നും അതിനുവേണ്ടി പ്രവർത്തിക്കാനും പ്രധാനമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടായ തീരുമാനം എടുക്കുകയാണെങ്കിൽ അത് സാധ്യമാണ്. വാക്സിനേഷൻ പുരോഗമിക്കുകയാണ്, അടുത്ത 3-4 മാസത്തിനുള്ളിൽ നമ്മൾ ഒരു സുരക്ഷിത സ്ഥാനത്തെത്തും. എന്നാൽ അടുത്ത 100-125 ദിവസം വളരെ നിർണായകമാണ്,” അദ്ദേഹം പറഞ്ഞു.