ന്യൂഡൽഹി: കോവിഡ് രോഗികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ഡിആർഡിഒയുടെ 2-ഡിജി കോവിഡ് മരുന്ന് ഉപയോഗിക്കുന്നതിന് മുൻപ് മരുന്നിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കണമെന്ന് വിദഗ്ധർ. കോവിഡ് രോഗികളെ വേഗത്തിൽ രോഗമുക്തരാക്കാനും രോഗികൾ ഓക്സിജനെ ആശ്രയിക്കുന്നതിൽ കുറവു വരുത്താനും സഹായിക്കുന്ന മരുന്നെന്ന നിലയിലാണ് 2-ഡിജിക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
പരമ്പരാഗതമായി അർബുദ ചികിത്സക്ക് ഉപയോഗിക്കുന്ന 2-ഡിജി മരുന്നിന്റെ പിന്നിലെ തത്വങ്ങളാണ് വിദഗ്ധരിൽ 2-ഡിജി ഉപയോഗത്തിന് എതിരെ പൊതു അഭിപ്രയം ഉണ്ടാക്കിയിരിക്കുന്നത്. 2-ഡിജി ഗ്ലൈക്കോലൈസിസിനെ തടയുന്നതാണ്, അതായത് ശരീരത്തിൽ വൈറസിന് വളരാനും പടരാനും സഹായിക്കുന്ന ഗ്ലൂക്കോസ് കോശങ്ങളെ തകർക്കുന്നു. ഇതാണ് കോവിഡ് ചികിത്സയ്ക്കുളള മരുന്നായി ഇതിനെ തിരഞ്ഞെടുക്കാനുള്ള കാരണം. എന്നാൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നതിന് മുൻപ് ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കണമെന്ന് വിദഗ്ധർ പറയുന്നു.
2-ഡിജിയെ ഒരു ചികിത്സാ ഉപകരണമായി ഉപയോഗിക്കാമെന്ന് കഴിഞ്ഞ വർഷമിറങ്ങിയ അഞ്ചോളം പ്രബന്ധങ്ങളിൽ കാണാം എന്നാൽ ഇവയിൽ ഒന്നുംതന്നെ യഥാർത്ഥ ആശുപത്രി പരിശോധനകളിൽ നിന്നും ഉണ്ടായിട്ടുള്ളതല്ല. 2020 മാർച്ചിൽ പുറത്തു വന്ന ഒരു പ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കപെടുന്നതാണ് 2-ഡിജി എന്ന കോവിഡ് മരുന്ന്. ഹരിദ്വാര്‍ ആസ്ഥാനമായ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് ഈ പ്രബന്ധത്തിനു പിന്നില്‍.
2-ഡിജി വിപണിയിൽ എത്തുകയോ അതിന്റെ വില പുറത്തുവരികയോ ചെയ്തിട്ടില്ല. എന്നാൽ അതിനു മുൻപ് തന്നെ മരുന്നിന് അനുമതി നൽകിയതിൽ നിരവധി വിദഗ്ധർ ആശങ്കകൾ പങ്കുവച്ചു കഴിഞ്ഞു.
2020ൽ ഡിആർഎൽ മരുന്നിന് അതിവേഗ അനുമതി ലഭിക്കുന്നതിനായി രണ്ട് മൂന്ന് ശ്രമങ്ങൾ നടത്തിയതായും അതെല്ലാം ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ പാനലിലെ വിദഗ്ധ സമിതി തള്ളിയതായും കാണാൻ കഴിയും. മനുഷ്യരിൽ വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെ മരുന്നിന് അനുമതി നൽകാൻ കഴിയില്ല എന്നതിന്റെ പേരിലായിരുന്നു അന്ന് വിദഗ്ധ സമിതി തള്ളിയത്. അതിനു ശേഷം രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കും ശേഷം മേയ് ഒന്നിനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
Read Also: വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം, ഐസിഎംആർ മാർഗരേഖ ഇങ്ങനെ
മേയ് മുതൽ ഒക്ടോബർ വരെ ഡിആർഡിഒയും അവരുടെ വ്യവസായ പങ്കാളികളായ ഡിആർഎല്ലും ചേർന്ന് 110 രോഗികളിൽ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞത്. ഇതിൽ ഫേസ് 2എ ആറ് ആശുപത്രികളിലും ഫേസ് 2ബി രാജ്യത്തെ 11 ആശുപത്രികളിലുമാണ് നടത്തിയത്.
രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളുടെ ഡാറ്റകളുടെ അടിസ്ഥാനത്തിൽ സർക്കാർ 2020 നവംബറിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകി. 2020 ഡിസംബറിനും 2021 മാർച്ചിനും ഇടയിൽ അവസാന ഘട്ട ട്രയലുകൾ ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 27 കോവിഡ് ആശുപത്രികളിലെ 220 രോഗികളിൽ നടത്തിയെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു