ന്യൂയോര്‍ക്ക്: കൊളറാഡോ വാള്‍മാര്‍ട്ട് ഷോപ്പിങ് മാളില്‍ വെടിവെപ്പ്.വടക്ക് കിഴക്ക് ഡെൻവറിൽ നിന്നും 16 കിലോ മീറ്റർ അകലെ തോൺടണിലെ വാൾമാർട്ട് മാളിലാണ് സംഭവം. ഒന്നിലധികം പേർ നിർത്താതെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്ക് പറ്റി. സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. പോലീസ് തിരിച്ചും വെടിവെച്ചു.

പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് വെടിവെപ്പുണ്ടായത്. മരിച്ചവര്‍ രണ്ടു പേരും പുരുഷന്മാരാണ്. ഒരു സ്ത്രീക്കാണ് പരിക്കേറ്റത്. അക്രമിയെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

അഞ്ചോ ആറോ പ്രാവശ്യം അക്രമികൾ നിർത്താതെ വെടിയുതിർത്തെന്ന് മാളിലെ ജീവനക്കാരൻ ലോക്കൽ മീഡിയയോട് പറഞ്ഞു. വെടിവെപ്പ് നടന്നയുടനെ എല്ലാവരും നാലുപാടും കുതറി ഓടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് പ്രാവശ്യം വെടിയുതിർക്കുന്ന ശബ്ദം കേട്ടെന്ന് മാളിനു പുറത്ത് ഉണ്ടായിരുന്ന സ്ത്രീ പറയുന്നു. വെടിവെപ്പിനെ കുറിച്ച് കൃത്യമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനത്തിനുനേരേ വാഹനമോടിച്ചുകയറ്റിയായിരുന്നു ആക്രമണം. ഉസ്ബെക്കിസ്താന്‍ പൗരനായ സയ്ഫുള്ളോ സയിപോവാണ് (29) കൊലയാളി. വാടകയ്ക്കെടുത്ത പിക്ക് അപ്പ് ട്രക്കിലെത്തിയ സയിപോവ് ലോവര്‍ മാന്‍ഹാട്ടനിലെ സെയ്ന്റ് ഹൂസ്റ്റണിലെ നടപ്പാതയിലേക്ക് അത് ഓടിച്ചുകയറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ