ന്യൂഡല്‍ഹി: 1996ലെ സോനിപത് ബോംബ് സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ലഷ്‌കര്‍ ഇ തയിബ ഭീകരനെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്‍ കരീം തുണ്ടക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതി നിര്‍ദേശിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം 307 കൊലപാതക ശ്രമം, 120 ബി ഗൂഢാലോചന എന്നിവയാണ് തുണ്ടയ്ക്കെതിരെ സോനിപത് ജില്ലാ കോടതി ചുമത്തിയ കുറ്റങ്ങള്‍. ജില്ലാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തുണ്ടയുടെ അഭിഭാഷകന്‍ ആഷിഷ് വത്സ് പറഞ്ഞു.

75കാരനായ തുണ്ടയെ ഇന്തോ നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ബന്‍ബാസയില്‍ നിന്നും 2013 ഓഗസ്റ്റ് 16നാണ് പൊലീസ് പിടികൂടിയത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് തുണ്ടയുടെ മൊഴി രേഖപ്പെടുത്തിയത്. 1996ലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ക്കു പരുക്കേറ്റിരുന്നു. സിനിമാ തിയേറ്ററിലും മിഠായിക്കടയിലുമായാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ഇതിന് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന നാല്‍പതോളം സ്‌ഫോടനങ്ങള്‍ക്കും ഇയാള്‍ക്കു പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ