മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പര കേസില്‍ അധോലോക ഭീകരന്‍ അബുസലീം ഉള്‍പ്പടയുളള ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡാ കോടതി. ഏഴ് പേരുടെ ശിക്ഷാവിധിയാണ് ടാഡ കോടതി പ്രഖ്യാപിക്കുന്നത്. ഇതില്‍ അബ്ദുള്‍ ഖയ്യൂമിനെതിരായ കുറ്റാരോപണം തെളിയിക്കാനായില്ല. തുടര്‍ന്ന് ഇയാളെ വെറുതെ വിട്ടു. സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് ഗുജറാത്തിൽനിന്നും മുംബയിലേക്ക് ആയുധം എത്തിച്ചു നൽകിയെന്നാണ് ഇവർക്കെതിരായ കേസ്.
അബുസലീമാണ് കേസിലെ മുഖ്യപ്രതി. മുസ്തഫ ദോസെ ബറൂചിൽ നിന്നും അയച്ച ആയുധങ്ങൾ അബു സലിം വഴിയാണ് മുംബയിലെത്തിച്ചത്. സ്ഫോടകവസ്തുക്കൾ അയയ്ക്കുന്നതിന് മുമ്പ് മുസ്തഫ ദോസെയും സഹോദരൻ മുഹമ്മദ് ദോസെയും ദുബായിലെ വസതിയിൽ ചർച്ച നടത്തിയിരുന്നു.
257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 കോടിയില്‍ അധികം രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തര്‍വര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുറ്റകരമായ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുമ്പ് ഇതേ കുറ്റങ്ങള്‍ ചുമത്തി തൂക്കിലേറ്റിയിരുന്നു. 2005ല്‍ പോര്‍ച്ചുഗലില്‍ നിന്ന് പുറത്താക്കപ്പെട്ട അബുസലീമിനെ കൂടാതെ യുഎഇയില്‍ നിന്ന് പുറത്താക്കിയ മുസ്തഫ ദോസ, മുഹമ്മദ് താഹിര്‍, മെര്‍ച്ചന്റ് അഥവാ താഹിര്‍ തക്ക്‌ല, അബ്ദുള്‍ ഖയൂം, കരിമുല്ല ഖാന്‍, റിയാസ് സിദ്ദിഖി, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്.
കേസിന്റെ വിചാരണ ആരംഭിച്ചശേഷമാണ് വിദേശത്ത് ഒളിവിലായിരുന്ന മുഖ്യപ്രതി അബുസലീമിനെ പിടികൂടിയത്. അതിനാല്‍ അബു സലീമിനെതിരായ കേസ് പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. കേസില്‍ വിധി പ്രഖ്യാപിക്കാനിരിക്കെ ടാഡ കോടതിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.