മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി പിടിയിലായി. ദുബായിൽനിന്നാണ് 1993 ലെ മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഫറൂഖ് തക്‌ല പിടിയിലായത്. ഇന്നു രാവിലെ ഇയാളെ മുംബൈയിലെത്തിച്ചു. ഇന്നുതന്നെ ഇയാളെ തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരാക്കും.

മുംബൈ സ്ഫോടനത്തിനുശേഷം ഇയാൾ ഇന്ത്യ വിട്ടിരുന്നു. 1995 ൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഫറൂഖ് ദുബായിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യനീക്കത്തിലാണ് ഫറൂഖ് പിടിയിലായത്. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഫറൂഖ് പിടിയിലായത് വലിയ വിജയമാണെന്നും ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് ഇത് വലിയ തിരിച്ചടിയാണെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം പറഞ്ഞു.

1993 ൽ മുംബൈയിൽ 12 ഇടങ്ങളിലായാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ