ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം തേടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് സജ്ജൻ കുമാറിന്റെ അപേക്ഷ കോടതി പരിഗണിക്കുക.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബർ ഒന്നിന് രാജ് നഗറിലെ അഞ്ചംഗ കുടുംബത്തെ കൊലപ്പടുത്തിയ കേസിലാണ് സജ്ജൻ കുമാറിനെ ഹൈക്കോടതി ശിക്ഷിച്ചത്. ആസൂത്രിതമായിരുന്നു സിഖ് വിരുദ്ധ കലാപമെന്ന സിബിഐ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
കലാപം അന്വേഷിച്ച ജസ്റ്റിസ് ജി.ടി.നാനവതി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സജ്ജൻ കുമാറിനും മറ്റുളളവർക്കുമെതിരെ കേസെടുത്തത്. എന്നാൽ 2013 മേയിൽ ഡൽഹി സെഷൻസ് കോടതി തെളിവുകളുടെ അഭാവത്താൽ സജ്ജൻ കുമാറിനെ വെറുതെ വിട്ടു. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു ശിക്ഷ.
ഡിസംബർ 31 മുൻപായി പൊലീസിനു മുൻപാകെ സജ്ജൻ കുമാർ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദേശം. പിഴയായി ഒരു ലക്ഷം രൂപ അടയ്ക്കണമെന്നും രാജ്യതലസ്ഥാനം വിട്ട് സജ്ജൻ കുമാർ പോകരുതെന്നും കോടതി നിർദേശിച്ചിരുന്നു.
കോടതി വിധിക്കുപിന്നാലെ സജ്ജൻ കുമാർ കോൺഗ്രസിൽ നിന്നും രാജിവച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്.