ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവ്. സജ്ജൻ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കിയാണ് ഡൽഹി ഹൈക്കോടതി ശിക്ഷ വിധിച്ചത്. വിചാരണ കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലിലാണ് നടപടി.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബർ ഒന്നിന് രാജ് നഗറിലെ അഞ്ചംഗ കുടുംബത്തെ കൊലപ്പടുത്തിയ കേസിലാണ് ശിക്ഷ. ആസൂത്രിതമായിരുന്നു സിഖ് വിരുദ്ധ കലാപമെന്ന സിബിഐ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

കലാപം അന്വേഷിച്ച ജസ്റ്റിസ് ജി.ടി.നാനവതി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സജ്ജൻ കുമാറിനും മറ്റുളളവർക്കുമെതിരെ കേസെടുത്തത്. എന്നാൽ 2013 മേയിൽ ഡൽഹി സെഷൻസ് കോടതി തെളിവുകളുടെ അഭാവത്താൽ സജ്ജൻ കുമാറിനെ വെറുതെ വിട്ടു. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി.

1984 ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ഇന്ദിരയുടെ മരണത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. കലാപത്തിൽ ഡൽഹിയിൽ മാത്രം 2100 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook