ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ പ്രതി യശ്പാൽ സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചു. മറ്റൊരു പ്രതി നരേഷ് ഷെരാവത്തിന് ജീവപര്യന്തം തടവിനും ഡൽഹി പട്യാല കോടതി വിധിച്ചു. സുരക്ഷാ കാരണങ്ങളാൽ തിഹാർ ജയിലിനകത്ത് വച്ചാണ് വിധിപ്രഖ്യാപനം നടത്തിയത്.
സിഖ് വിരുദ്ധ കലാപക്കേസുകളിൽ തുടരന്വേഷണം നടത്തിയ അഞ്ചു കേസുകളിലെ ആദ്യ കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ഉൾപ്പെട്ട കേസടക്കം മൂന്നെണ്ണത്തിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. 1984 ൽ മഹിപാൽപുരിയിൽ 2 സിഖ് യുവാക്കൾ കൊല്ലപ്പെട്ട കേസിലാണ് ഇപ്പോഴത്തെ വിധി. തെളിവില്ലെന്ന് പറഞ്ഞ് 1994 ൽ ഡൽഹി പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസാണിത്. പ്രത്യേക അന്വേഷണ സംഘമാണ് പിന്നീട് ഈ കേസ് അന്വേഷിച്ചത്.
പ്രതികളായ യശ്പാൽ സിങ്ങും ഷെരാവത്തും സംഭവ സ്ഥലത്ത് എത്തിയത് കൊലപാതക ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ കൈയ്യിൽ മണ്ണെണ്ണയും മറ്റു ആയുധങ്ങളും ഉണ്ടായിരുന്നെന്നും ഇതിനുളള തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
1984 ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ഇന്ദിരയുടെ മരണത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു.