ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിരമിച്ച ഒരു പൊലീസ് ഓഫിസറും ഇപ്പോൾ സർവീസിലുളള ഒരു പൊലീസ് ഓഫിസറും സംഘത്തിൽ ഉണ്ടാവണമെന്നും അതാരൊക്കെയാണെന്ന് കേന്ദ്ര സർക്കാരിന് നിർദേശിക്കാമെന്നും ബെഞ്ച് നിർദേശിച്ചു.

സിഖ് കലാപവുമായി ബന്ധപ്പെട്ട 241 കേസുകളിൽ 186 കേസുകൾ യാതൊരു അന്വേഷണവും നടത്താതെ അവസാനിപ്പിച്ചിരുന്നു. ഈ കേസുകൾ അന്വേഷിക്കാനാണ് ഇപ്പോൾ സുപ്രീംകോടതി ഉത്തരവിട്ടത്. സിഖ് കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതതലസമിതിയുടെ ശുപാര്‍ശ അതേപടി ചീഫ് ജസ്റ്റിസ് അംഗീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷമാണ് കലാപവുമായി ബന്ധപ്പെട്ട 241 കേസുകൾ അവസാനിപ്പിക്കാനുളള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം പരിശോധിക്കാൻ സുപ്രീംകോടതി ഉന്നതതല സമിതിയെ നിയോഗിച്ചത്. തീരുമാനം പരിശോധിച്ച് 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് 1984 ൽ സിഖ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹിയിൽ മാത്രം 2,733 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ