ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും വൻകിടക്കാർ നിക്ഷേപിച്ച കള്ളപ്പണത്തെ കുറിച്ചുള്ള വിശദമായ വിവരം ആദായ നികുതി വകുപ്പിന് ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 700 ഓളം പേരുടേതായി ആകെ 19000 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് ധനകാര്യ മന്ത്രി പാർലമെന്റിിൽ വെളിപ്പെടുത്തിയത്.

കള്ളപ്പണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 72 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പാണ് അന്വേഷണം നടത്തുന്നത്. സ്വിറ്റ്സർലന്റിലെ എച്ച്.എസ്.ബി.സി ബാങ്കിൽ മാത്രം 628 പേർ നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് വരെ 8437 കോടി രൂപയുടെ നികുതി നിക്ഷേപമാണ് ഉണ്ടായത്. മറ്റ് 162 കേസുകളിലൂടെ സർക്കാരിലേക്ക് 1287 കോടി രൂപ നികുതി നിക്ഷേപം ലഭിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യൻ എക്സ്‌പ്രസ് അടക്കം നൂറോളം ആഗോള മാധ്യമങ്ങൾ നടത്തിയ​ അന്വേഷണത്തിൽ പുറത്തുവന്ന പനാമ പേപ്പർ വെളിപ്പെടുത്തലുകൾ പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. പനാമ പേപ്പറിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം നടത്തിയ അന്വേഷണത്തിൽ മാത്രം കേന്ദ്ര സർക്കാരിലേക്ക് വൻ നികുതിയടപ്പിക്കാൻ സാധിച്ചതായാണ് ധനകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ