ചണ്ഡീഗഡ്: റിവാരിയിൽ 19 കാരിയായ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തെക്കുറിച്ചുളള ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറി ഹരിയാന മുഖ്യമന്ത്രി. കൂട്ടമാനഭംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഇന്ന് സ്വച്ഛ അഭിയാൻ അല്ലേ’ എന്നായിരുന്നു ബി ജെ പിയുടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ മറുപടിയെന്ന് മാധ്യമപ്രവർത്തക പല്ലവി ഘോഷ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് സമൂഹവും ശുചിത്വമുളളതായിരിക്കേണ്ടേയെന്ന മറുചോദ്യമാണ് മാധ്യമപ്രവർത്തക ഉയർത്തിയിട്ടുളളത്.
രാജ്യത്തെ ശുചിത്വവത്കരിക്കുക എന്ന ലക്ഷ്യമിട്ട് ‘സ്വച്ഛതാ കി സേവാ ശുചീകരണ യജ്ഞ’ത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഹരിയാന മുഖ്യമന്ത്രി കൂട്ടബലാൽസംഗത്തോട്
പ്രതികരിച്ചത്.
Haryana cm avoids questions on Rewari rape .. says today is swach Abhiyaan … but isn’t swach society also important ?
— pallavi ghosh (@_pallavighosh) September 15, 2018
അതിനിടെ, കൂട്ടബലാൽസംഗത്തെ കുറിച്ച് ഉജന കല്യാണിൽനിന്നുളള ബിജെപി എംഎൽഎ പ്രേംലതയോട് ചോദിച്ചപ്പോൾ തൊഴിൽ ഇല്ലാത്തതുമൂലം യുവാക്കൾ അസ്വസ്ഥരാണെന്നും അതിനാലാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നുമായിരുന്നു മറുപടി.
*Youth who do not have employment get frustrated and commit such rapes* : Premlata, BJP MLA on Rewari rapes … need I say more ?
— pallavi ghosh (@_pallavighosh) September 15, 2018
പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ പെൺകുട്ടിയാണ് ഹരിയാനയിൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ടത്. ബസ് സ്റ്റാന്റിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 12 പേർ ചേർന്ന് മണിക്കൂറുകളോളം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
നാടിനെ നടുക്കിയ ബലാത്സംഗം നടന്നിട്ട് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. റിവാരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സൂപ്രണ്ട് ഓഫ് പൊലീസ് നസ്നീൻ ഭാസിൻ സന്ദർശിച്ചു. പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായും കേസന്വേഷണം പുരോഗമിക്കുകയാണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസന്വേഷണത്തിന് ഭാസ്മിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുളളത്.