ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ചത് 1,888 കസ്റ്റഡി മരണങ്ങള്‍. 893 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും 358 ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
2001-2020 കാലഘട്ടത്തിലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ക്രൈം ഇൻ ഇന്ത്യ (സിഐഐ) റിപ്പോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ അൽതാഫ് എന്ന യുവാവ് കസ്റ്റഡിയിൽ മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത റിപ്പോര്‍ട്ടിന് പ്രാധാന്യമേറുന്നത്.
സംഭവത്തിന് ശേഷം കാസ്ഗഞ്ചിലെ കോട്വാലി പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ടോയിലെറ്റിലുള്ള വാട്ടർ പൈപ്പില്‍ ജാക്കറ്റിന്റെ ചരട് ഉപയോഗിച്ച് അൽതാഫ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വാട്ടര്‍ പൈപ്പിന് നിലത്തു നിന്ന് രണ്ടടി മാത്രമാണ് പൊക്കമുള്ളത്.
അല്‍താഫിന്റെ കസ്റ്റഡി മരണത്തിൽ വകുപ്പുതല അന്വേഷണവും മജിസട്രേറ്റുതല അന്വേഷണവും ഒരേസമയം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസിലാണ് അല്‍താഫിനെ അറസ്റ്റ് ചെയ്തത്.
എന്‍സിആര്‍ബിയുടെ രേഖകള്‍ പ്രകാരം കസ്റ്റഡി മരണത്തില്‍ ഏറ്റവും അധികം പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് 2006 ലാണ്. 11 പേരാണ് 2006 ല്‍ ശിക്ഷിക്കപ്പെട്ടത്. ഏഴ് ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളതായിരുന്നു. നാല് പേര്‍ മധ്യപ്രദേശില്‍ നിന്നും. കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷം തന്നെയാണൊ ഇവര്‍ ശിക്ഷിക്കപ്പെട്ടതെന്നത് രേഖകള്‍ വ്യക്തമാക്കുന്നില്ല.
ഏറ്റവും പുതിയ രേഖകള്‍ പ്രകാരം 2020 ല്‍ മാത്രം 76 കസ്റ്റഡി മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (15 മരണം). ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തിസ്ഗഢ്, ഹരിയാന, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവയാണ് കസ്റ്റഡി മരണങ്ങള്‍ നടന്നിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഈ കാലയളവില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സമര്‍പ്പിച്ച രേഖകളില്‍ നിന്ന് കസ്റ്റഡി മരണങ്ങളെ എന്‍സിആര്‍ബി രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് നല്‍കിയിരിക്കുന്നത്. ഒന്ന് റിമാന്‍ഡിലുള്ളവരും രണ്ട് റിമാന്‍ഡിലല്ലാത്തവരും. ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്നവരാണ്. രണ്ടാമത്തേത് അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കത്തവരും.
എന്‍സിആര്‍ബിയുടെ രേഖകള്‍ പ്രകാരം 2001 മുതല്‍ കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും റിമാന്‍ഡില്‍ അല്ലാത്തവരാണ്. 1,185 പേരാണ് ഇത്തരത്തില്‍ മരിച്ചത്. റിമാന്‍ഡില്‍ കഴിഞ്ഞ 703 പേരും മരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത 893 കേസുകളിൽ 518 എണ്ണവും റിമാൻഡിൽ അല്ലാത്തവരുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ്.
പോലീസിന്റെ പ്രവർത്തനത്തിലെ പിഴവുകൾ അംഗീകരിക്കുകയും തിരുത്തുകയും വേണമെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ പ്രകാശ് സിങ് ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു. എന്‍സിആര്‍ബിയുടെ രേഖകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഡിജിപിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് പ്രകാശ് സിങ്.
“പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിക്കില്ല. സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ മാത്രമെ അവര്‍ ശ്രമിക്കു. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. ഒരാള്‍ കസ്റ്റഡിയില്‍ വച്ച് മരണപ്പെടുമ്പോള്‍ അതിന് ഉത്തരവാദിയായ വ്യക്തി ശിക്ഷക്കപ്പെടുമെന്നത് പൊലീസ് ഉറപ്പാക്കണം,” പ്രകാശ് സിങ് പറഞ്ഞു.
ഇന്ത്യയെ പോലെ ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് 20 വര്‍ഷത്തിനിടെ 1,888 കസ്റ്റഡി മരണം എന്നത് വലിയ സംഖ്യ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നാം മുറ ഉപയോഗിക്കുന്നതും പരിക്കേല്‍പ്പിക്കുന്നതും ശരിയായ നടപടിയല്ല. പൊലീസുകാര്‍ക്ക് ബോധവത്കരണം നല്‍കേണ്ടതുണ്ട്. ശാസ്ത്രീയമായുള്ള അന്വേഷണ രീതികളേയും ചോദ്യം ചെയ്യലിനേയും ആശ്രയിക്കണം,” പ്രകാശ് സിങ് വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരങ്ങളും എൻസിആർബി വെളിപ്പെടുത്തണമെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സിഎച്ച്ആർഐ) സീനിയർ പ്രോഗ്രാം ഓഫീസർ രാജ ബഗ്ഗ പറഞ്ഞു.
“ക്രിമിനൽ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാനെടുക്കുന്ന കാലയളവ് പരിഗണിക്കുമ്പോള്‍ ഒന്നിലധികം വർഷങ്ങൾക്ക് ശേഷം ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എൻസിആർബിയുടെ സിഐഐ രേഖകളില്‍ ഉള്‍പ്പെടുത്തില്ല. കസ്റ്റഡി മരണത്തിന്റെ വർഷം പരിഗണിക്കാതെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകളുടെ സ്ഥിതിവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും,” ബഗ്ഗ കൂട്ടിച്ചേര്‍ത്തു.