ശ്രീനഗർ: ആക്രി വസ്തുക്കള്‍ ശേഖരിച്ചു ജീവിച്ച 18കാരനെ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നിയമിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുലാര്‍ തടാക പരിസരത്തുനിന്നുമുള്ള ആക്രിവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന ബിലാല്‍ ധറിനാണ് ഈ അപൂര്‍വ നേട്ടം. പ്രദേശത്തെ മാലിന്യം നീക്കം ചെയ്തുകൊണ്ടിരിക്കുന്ന ബിലാല്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് കാണിച്ചാണ് ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡര്‍ പദവി നല്‍കി ആദരിച്ചത്.

ബന്ദിപൊര ജില്ലയിലെ ലഹര്‍ര്‍പോര സ്വദേശിയാണ് ബിലാല്‍ ധര്‍. വുളാര്‍ തടാകത്തില്‍ നിന്നുള്ള പഴയ വസ്തുക്കള്‍ ശേഖരിച്ച് ദിവസവും 150 മുതല്‍ 200 രൂപ വരെയാണ് ബിലാല്‍ സമ്പാദിച്ചിരുന്നത്. ഈ വരുമാനമുപയോഗിച്ചാണ് അമ്മയെയും രണ്ട് സഹോദരിമാരേയും ബിലാല്‍ സഹായിച്ചിരുന്നത്. ബിലാല്‍ ധറിന്റെ അച്ഛന്‍ മുഹമ്മദ് റംസാന്‍ ധറിനും ഈ ജോലി തന്നെയായിരുന്നു. 2003ല്‍ കാന്‍സര്‍ ബാധിച്ചാണ് റംസാന്‍ മരിച്ചത്.

ഓരോ വര്‍ഷവും 12000 കിലോഗ്രാം മാലിന്യമാണ് ബിലാല്‍ ശേഖരിച്ചിരുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ബിലാലിന് പ്രത്യേകം യൂണിഫോമും വാഹനവും ലഭിക്കും.

തന്റെ ജീവിതത്തെ കുറിച്ചും ജോലിയെ കുറിച്ചും പ്രകൃതിയോടുള്ള തന്റെ പ്രതിബദ്ധതയെകുറിച്ചും മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ചുമെല്ലാം ജനങ്ങളെ ബോധവത്കരിക്കുകയാണ് ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ബിലാലിന്റെ ഉത്തരവാദിത്വം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook