കൊല്‍ക്കത്ത: ലൈംഗികമായി പീഡിപ്പിക്കാന്‍‍ ശ്രമിച്ചവരെ തൈക്വാണ്ടോ ചാമ്പ്യയായ 18കാരി തന്റെ ആയോധനകലയിലൂടെ നേരിട്ടു. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം നടന്നത്. ആദ്യം പ്രിയങ്ക സിംഗ് റോയ് എന്ന പെണ്‍കുട്ടി അക്രമികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ പിന്മാറാതെ വന്നതോടെയാണ് പെണ്‍കുട്ടി ഇവരെ നേരിട്ടത്.

വീട്ടിന് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയതായിരുന്നു പ്രിയങ്കയെന്ന് പൊലീസ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സൈക്കിളില്‍ വീട്ടിലേക്ക് തിരികെ വരുമ്പോള്‍ മൂന്ന് പേര്‍ പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ സംസാരിക്കുകയായിരുന്നു. പ്രിയങ്ക പ്രതികരിച്ചപ്പോള്‍ ഇവരില്‍ ഒരാള്‍ കൈയില്‍ കയറിപ്പിടിച്ചു. കൈവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ ഇതിന് തയ്യാറായില്ല. തൈക്വാണ്ടോ ചാമ്പ്യനായ പ്രിയങ്ക ഉടന്‍ തന്നെ തിരികെ ആക്രമിച്ചു. രണ്ട് പേര്‍ പിന്മാറിയപ്പോള്‍ അക്രമികളില്‍ ഒരാളെ ഏറെ നേരം പെണ്‍കുട്ടി പിടിച്ചുവെച്ചു. എന്നാല്‍ കോലാഹലം കേട്ട് നാട്ടുകാര്‍ വരുന്നതിന് തൊട്ടു മുമ്പ് മൂന്ന് അക്രമികളും ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ മൂവരയും സൈന്തിയയില്‍ നിന്നും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ ധീരതയെ പുകഴ്ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ബംഗാളി നടനായ തോതാ റോയ് ചൗധരിയും പ്രിയങ്കയെ പുകഴ്ത്തി രംഗത്തെത്തി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം മൂന്ന് അക്രമികളേയും റിമാന്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook