ന്യൂഡൽഹി: 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു.   ഡല്‍ഹിയിലെ ഷാപൂര്‍ ജാട്ടിലാണ് സംഭവം.  കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് കുഞ്ഞിനെ ഇയാള്‍ക്കരികില്‍ ഏല്‍പ്പിച്ചായിരുന്നു പോയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടി കരയുന്നതും സ്വകാര്യ ഭാഗങ്ങളില്‍ രക്തസ്രാവമുള്ളതായും കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ എത്തിയത്. 21 വയസുമാത്രം പ്രായമുള്ള ആളാണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദിവസം 290 കുട്ടികളാണ് വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരകളാകുന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികളാണ് ചൂഷണം ചെയ്യപ്പെടുന്നവരില്‍ കൂടുതലും. 2014ല്‍ മാത്രം 89,423 കേസുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2015ല്‍ ഇത് 94,172 ആയി ഉയര്‍ന്നു.

കൂടാതെ മിക്ക കേസുകളിലും കുറ്റവാളികള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആണെന്നും അധികൃതര്‍ പറയുന്നു. ഇന്ത്യയിലെ 53 ശതമാനത്തില്‍ അധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി നേരത്തേ വനിതാ ശിശുക്ഷേമ വകുപ്പ് വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ