ന്യൂഡല്‍ഹി: നോയിഡ ആസ്ഥാനമായിട്ടുള്ള മരിയോണ്‍ ബയോടെക്ക് നിര്‍മ്മിച്ച ഡോക്-1 മാക്സ് എന്ന സിറപ്പ് കഴിച്ച് സമര്‍കണ്ടില്‍ 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം.
ലാബ് പരിശോധനയിൽ അണുബാധയുള്ള എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികൾ കുറിപ്പടി ഇല്ലാതെ ഉയർന്ന അളവിൽ മരുന്ന് കഴിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
പ്രാഥമിക പരിശോധനകളില്‍ സിറപ്പിന്റെ ഒരു പ്രത്യേക ബാച്ചിലാണ് എഥിലീൻ ഗ്ലൈക്കോൾ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പദാർത്ഥം വിഷാംശമുള്ളതാണെന്നും കഴിക്കുന്നത് ഛർദ്ദി, ബോധക്ഷയം, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ഗാമ്പിയയിലും സമാനമായ സംഭവം നടന്നിരുന്നു. ഗാമ്പിയയില്‍ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നിര്‍മ്മിത സിറപ്പിലും എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉസ്ബെക്കിസ്ഥാനില്ലെ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ അന്വേഷണങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തയാറാണെന്ന് ഡബ്ല്യുഎച്ച്ഒ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
മരിയോണ്‍ ബയോടെക്കൊ കേന്ദ്ര സര്‍ക്കാരൊ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ഡോക്-1 മാക്സിലെ പ്രധാനമായും അടങ്ങിയിരിക്കുന്ന പാരസെറ്റമോളാണ്. പ്രദേശിക മരുന്നുകടകളുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ തെറ്റായി ഉപയോഗിച്ചതായും ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം പറയുന്നു.
രണ്ട് മുതല്‍ ഏഴ് ദിവസം വരെ കുട്ടികള്‍ മൂന്ന്, നാല് തവണ മരുന്ന് കഴിച്ചതായാണ് വിവരം. പരിധിയില്‍ കൂടുതല്‍ മരുന്നാണ് ഉള്ളിലെത്തിയത്.
ഡിസംബർ 15-ന് സമർഖണ്ഡ് റീജിയണൽ ചിൽഡ്രൻസ് മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ സെന്ററിൽ നിന്ന് റീജിയണൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡാവ്‌റോൺബെക്ക് ഷുമാനിയോസോവിന് അയച്ച കത്തിൽ രണ്ട് മാസത്തിനിടെ 21 കുട്ടികളുടെ കിഡ്നിക്ക് തകരാര്‍ സംഭവിച്ചതായി പറയുന്നുണ്ടെന്ന് പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതില്‍ 17 പേരുടെ സ്ഥിതി ഗുരുതരമാവുകയും ഡയാലിസിസ് ചെയ്യേണ്ടിയും വന്നു. പക്ഷെ 15 പേര്‍ മരണപ്പെട്ടു.
കുട്ടികളുടെ മരണത്തിന് പിന്നാലെ ഡോക്-1 മാക്സിന്റെ വില്‍പ്പന നിരോധിച്ചു. മാതാപിതാക്കളോട് ജാഗ്രത പാലിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.