ചെന്നൈ: ടി.ടി.വി.ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്. ഒന്നര വർഷത്തോളം വിവിധ ബെഞ്ചുകൾ പരിഗണിച്ച ശേഷമാണ് ഇന്ന് വിധിയുണ്ടായത്.
പതിനെട്ട് എംഎൽഎമാരെയാണ് സ്പീക്കർ ധനപാൽ അയോഗ്യരാക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനത്തിന്റെ പേരിലാണ് ടി.ടി.വി.ദിനകരനെ അനുകൂലിക്കുന്ന പതിനെട്ട് എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ചാണ് അയോഗ്യത പ്രഖ്യാപിച്ചതെന്നായിരുന്നു ഇത് സംബന്ധിച്ച് നൽകിയ ഔദ്യോഗിക വിശദീകരണം.
മുഖ്യമന്ത്രി എടപ്പാടി കെ.പളനസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും പിന്തുണ പിൻവലിച്ചവരാണ് ഈ പതിനെട്ട് എംഎൽഎമാർ. ഇവർ ശശികലയുടെ ബന്ധുവായ ദിനകരനെ അനുകൂലിക്കുന്നവരാണ്. 18 എംഎല്‍എമാരുടെ അയോഗ്യത ഹൈക്കോടി റദ്ദാക്കിയിരുന്നെങ്കിൽ ദിനകരപക്ഷത്ത് എംഎല്‍എമാരുടെ എണ്ണം 23ല്‍ എത്തുമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടു വന്ന് പ്രതിപക്ഷത്തിന്റെ സഹായത്തോടെ ടിടിവിക്ക് സര്‍ക്കാരിനെ താഴെയിടാൻ കഴിയുമായിരുന്നു.
അതേസമയം വിധി പ്രതികൂലമായതോടെ തമിഴ്നാട് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് 18 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ്. ഭരണവിരുദ്ധ വികാരം ശക്തമായ തമിഴ്നാട്ടില്‍ ഇതും ഭരണപക്ഷത്തിന് വെല്ലുവിളിയാണ്.
ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികല എഐഎഡിഎംകെ തലപ്പത്ത് മരുമകനായ ടി.ടി.വി.ദിനകരനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ അമ്മ മക്കള്‍ മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ദിനകരൻ ആര്‍കെ നഗറില്‍ നിന്നും മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.