ന്യൂഡൽഹി: ഒഡീഷയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവ്വീസിന് ഇന്നു തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെയിൽവേ മന്ത്രി അശ്വിനി വൈശഷ്ണവും ചേർന്ന് ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ 17-ാമത് വന്ദേ ഭാരത് ട്രെയിൻ സർവ്വീസാണിത്.
ഹൗറയ്ക്കും പുരിക്കും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിൻ മറ്റ് റൂട്ടുകളിലേതുപോലെ പകൽ സമയത്താണ് സർവീസ് നടത്തുക. രാവിലെ ആറിന് യാത്ര തുടങ്ങുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30 ന് പുരിയിലെത്തും. പുരിയിൽനിന്നും തിരികെ ഉച്ചയ്ക്ക് ഒന്നിന് ട്രെയിൻ യാത്ര തുടങ്ങും. ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്ക് ഉച്ചയോടെ സുഖമായി അവിടെ എത്തിച്ചേരാനും കൃത്യസമയത്ത് അവരുടെ ഹോട്ടലിൽ ചെക്ക് ചെയ്യാനും സാധിക്കുമെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
മറ്റു നാലു വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്കു കൂടി ഉടൻ തുടക്കമാകും. മുംബൈ-ഗോവ, റാഞ്ചി-പട്ന, ഗുവാഹത്തി-ന്യൂ ജൽപായ്ഗുരി (ഇവിടങ്ങളിലേക്ക് ഏകദേശം ആറു മണിക്കൂർ) ഡൽഹി-ഡെറാഡൂൺ (ഏകദേശം നാലു മണിക്കൂർ) എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുവരെ 16 കോച്ചുകളുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. വേഗനിയന്ത്രണങ്ങളും മറ്റ് നടപടികളും ഒഴിവാക്കി യാത്രാ സമയം പരമാവധി കുറച്ച് എല്ലാ റൂട്ടുകളിലും സർവീസുകൾ നടത്താനുള്ള ഓപ്ഷനുകൾ റെയിൽവേ നോക്കുന്നുണ്ട്.
നാല് മുതൽ എട്ട് മണിക്കൂർ വരെയുള്ള യാത്രകളാണ് സാധാരണ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്കുള്ളത്. മൂന്ന്-നാലു മണിക്കൂറിൽ താഴെ സമയമെടുക്കുന്ന ചെറിയ റൂട്ടുകളിൽ വന്ദേ മെട്രോകൾ എന്നു വിളിക്കുന്ന വന്ദേഭാരതിന്റെ ചെറിയ പതിപ്പുകളായിരിക്കും സർവീസ് നടത്തുക. അതേസമയം, എട്ട് മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളിൽ സ്ലീപ്പർ പതിപ്പ് ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യം 75-ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2023 ഓഗസ്റ്റ് 15-നകം ഇന്ത്യയിലെ 75 നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് അവതരിപ്പിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് റെയിൽവേ. ഇതിനുപുറമെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനുള്ള മഹത്തായ പദ്ധതി കഴിഞ്ഞ വർഷം സർക്കാർ രൂപീകരിച്ചു.
റെയിൽവേ പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡുമായി ചേർന്ന് റഷ്യയിലെ ടിഎംഎച്ച് കൂടുതൽ ദൂരത്തേക്ക് സ്ലീപ്പർ പതിപ്പുകളിൽ 120 വന്ദേ ഭാരതുകൾ നിർമ്മിക്കാനുള്ള കരാർ നേടി. ബിഎച്ച്ഇഎല്ലിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിന് ഒരേ തരത്തിലുള്ള 80 എണ്ണം നിർമ്മിക്കാൻ ഓർഡർ നൽകിയിരുന്നു.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകൾ. ഈ ട്രെയിനിന് പരമ്പരാഗത ട്രെയിനുകളേക്കാൾ വേഗത്തിൽ വേഗത കൂട്ടാനും വേഗത കുറയ്ക്കാനും കഴിയും.