ജഷ്പൂര്: ചത്തീസ്ഗഢിലെ ജഷ്പൂരില്‍ ആനയുടെ ആക്രമണത്തില്‍ പതിനേഴുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മാതാവിനും സഹോദരിക്കും പരുക്കേല്‍ക്കുകയും ചെയ്തു. ബദാല്‍ഖോല്‍ വന്യജീവി സങ്കേതത്തിന് അടുത്തുളള രംഷമ ഗ്രാമത്തില്‍ വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
വിശ്വനാഥ ചൗഹാന്‍ എന്നയാളുടെ വീട്ടിലാണ് ആനയുടെ ആക്രമണം നടന്നത്. കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടിന്റെ ചുമര് ആന തകര്‍ക്കുകയായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ആന ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൗഹാന്റെ മകളായ ലളിതയാണ് മരിച്ചത്. ആന ചവിട്ടിയതോടെ കുട്ടി തത്ക്ഷണം മരിക്കുകയായിരുന്നു.
ലളിതയുടെ മാതാവ് മുന്നി ഭായിക്കും ഇവരുടെ 7 വയസുളള മകള്‍ വര്‍ഷയ്ക്കും പരുക്കേറ്റു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്ന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി ആനയെ തുരത്തി. പരുക്കേറ്റ രണ്ട് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ജഷ്പൂരില്‍ നാല് പേരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മെയ് 28ന് ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. മെയ് 3ന് രണ്ട് ഗ്രാമവാസികള്‍ കുന്‍കുരി വനമ്പ്രദേശത്ത് കൊല്ലപ്പെട്ടു. ഒഡിഷയുമായും ജാര്‍ഖണ്ഡുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ജഷ്പൂര്. ആനകളുടെ വിഹാര പ്രദേശമാണ് ഇവിടം. ഇവിടെ ആനകളുടെ ആക്രമണം സ്ഥിരം സംഭവമാണ്.