ന്യൂഡല്‍ഹി: ഹൈദരാബാദില്‍ 17 കാരിയായ വിദ്യാര്‍ഥിയെ കാറില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത നാലു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി പബ്ബില്‍ വച്ച് പരിചയപ്പെട്ടവരാണ് കൃത്യം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവ് പരാതിപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ബലാത്സംഗം നടന്നതായി പൊലീസ് സ്ഥിരീകരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളുടെ കാര്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയരുകയാണ്.
പൊലീസ് പറയുന്നതനുസരിച്ച് പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്നാണ് പബ്ബിലേക്ക് പോയത്. പിന്നീട് പ്രതികള്‍ കുട്ടിയെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പ്രതികൾ ആദ്യം ബേക്കറിയിലെത്തി ലഘുഭക്ഷണം വാങ്ങി ആളൊഴിഞ്ഞ സ്ഥലത്ത് വാഹനമെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് രാത്രിയിൽ അവർ പെണ്‍കുട്ടിയെ പബ്ബിൽ തിരികെ ഇറക്കിവിടുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. മദ്യനിരോധന പാര്‍ട്ടിയായതിനാലാണ് മകളെ പോകാന്‍ അനുവദിച്ചതെന്ന് അദ്ദേഹം പറയുന്നു. ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ടായിരുന്ന പെണ്‍കുട്ടി വീണതാണെന്നായിരുന്നു അദ്യം പറഞ്ഞത്. പിന്നീട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നീട് വൈദ്യപരിശോധന നടത്തുകയും ഇത് സ്ഥിരീകരിക്കുകയുമായിരുന്നു.
Also Read: എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത് എന്തിന്?: മോഹൻ ഭാഗവത്