ന്യൂഡൽഹി: കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായമെന്ന ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദിവസവും 17 രൂപയെന്ന് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. അഞ്ചു വർഷത്തെ ഭരണം കർഷകരുടെ ജീവിതത്തെ താറുമാറാക്കി. അവർക്ക് പ്രതിദിനം 17 രൂപ നൽകുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപായുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റിലാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി വഴി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുമെന്ന പ്രഖ്യാപനമുണ്ടായത്. രണ്ട് ഹെക്ടറിനു താഴെ ഭൂമിയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുക.

Read: കർഷകർക്കായി പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി; പ്രതിവർഷം 6,000 രൂപ ധനസഹായം

ഈ പദ്ധതി 12 കോടി കർഷക കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷ. 2018 ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും. ആദ്യ ഗഡു ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപായി നൽകും. ”മൂന്നു ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് നിക്ഷേപിക്കും. ഈ പദ്ധതിയുടെ ചെലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുക. 12 കോടി കർഷക കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണകരമാകും. അർഹരായവരുടെ പട്ടിക തയാറാക്കിയശേഷം അധികം വൈകാതെ തന്നെ ആദ്യ ഗഡു നൽകും,” ധനമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

പദ്ധതി കേന്ദ്രസർക്കാരിന് പ്രതിവർഷം 75,000 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുക. നടപ്പ് സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് ഗോയൽ പറഞ്ഞു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്കു പുറമേ മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരരന്റി ആക്ട് പദ്ധതിക്കായി 60,000 കോടി മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ