കാൻപൂർ: കാമുകിയുമായി സംസാരിച്ചുവെന്ന കാരണത്താൽ 16 കാരനെ കാമുകനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചുകൊന്നു. കാൻപൂരിലെ കിഡ്വായ് നഗറിലാണ് 11-ാം ക്ലാസ് വിദ്യാർത്ഥി അതിദാരുണമായി കൊല്ലപ്പെട്ടത്.
വിദ്യാർത്ഥിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഒരു സംഘം മർദ്ദിച്ചതെന്ന് കിഡ്വായ് നഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനുരാഗ് മിശ്ര പറഞ്ഞു. വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മരിച്ച വിദ്യാർത്ഥിയുടെ അയൽവാസിയായ പെൺകുട്ടിയുമായി മർദ്ദിച്ച സംഘത്തിൽപ്പെട്ട ഒരാൾ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുമായി കൊല്ലപ്പെട്ട വിദ്യാർത്ഥി സംസാരിക്കുന്നത് കാമുകന് ഇഷ്ടമില്ലായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കരുതെന്ന് കാമുകൻ പല തവണ കൊല്ലപ്പെട്ട വിദ്യാർത്ഥിക്ക് താക്കീത് നൽകിയിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് കൗമാരക്കാരൻ പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ട കാമുകൻ കൂട്ടുകാരെയും കൂട്ടിക്കൊണ്ടുവന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. മർദ്ദിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.