ലക്നൗ: സ്ത്രീകള്‍ അടിക്കടി അക്രമത്തിന് ഇരയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്നും ഞെട്ടിക്കുന്ന മറ്റൊരു അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 16കാരിയായ പെണ്‍കുട്ടിയെ ഒരു വനപ്രദേശത്ത് വച്ച് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായി മാറിയത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുളള വീഡിയോ ആണ് വൈറലായി മാറിയത്. വീഡിയോയിലുളള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുളളവര്‍ ഒളിവിലാണ്. ജൂലൈ 12നാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
കൃഷിയിടത്ത് പണിയെടുക്കുന്ന മാതാവിന് ഭക്ഷണം നല്‍കാന്‍ പോയ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ ഒരു ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്നുളള വഴിയില്‍ വനമ്പ്രദേശത്ത് വെച്ചാണ് ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോയത്. പ്രായപൂര്‍ത്തിയാവാത്തവരും പീഡനസംഘത്തില്‍ ഉണ്ടായിരുന്നു.
ഇവരില്‍ ഒരാളാണ് 6 മിനുട്ട് ദൈര്‍ഘ്യമുളള വീഡിയോ പകര്‍ത്തിയത്. രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടു പോവുമ്പോള്‍ പെണ്‍കുട്ടി കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഭക്ഷണത്തിന്റെ പാത്രവും വെള്ളത്തിന്റെ കുപ്പിയും പെണ്‍കുട്ടിയെ കൈയില്‍ കാണാന്‍ കഴിയും. അഞ്ച് പേര്‍ വട്ടം കൂടി നില്‍ക്കുമ്പോള്‍ നിലത്തിരുന്ന് കരയുന്ന പെണ്‍കുട്ടിയുടെ ദൃശ്യവും കാണാം. ‘എന്താടി നീ ഈ കാട്ടില്‍ ചെയ്യുന്നത്’ എന്ന് ഒരാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
തന്നെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് പെണ്‍കുട്ടി കരഞ്ഞെങ്കിലും ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെ ഉള്ളവരാണ് പീഡിനം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ മാസം ആദ്യം സമാനമായ മറ്റൊരു വീഡിയോയും ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ ഒരു വനപ്രദേശത്ത് വച്ച് നാല് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായി മാറിയത്. ഉന്നാവോയിലാണ് അന്ന് പീഡനം നടന്നത്.
ഉന്നാവോയിലാണ് കഴിഞ്ഞ മാസം 9 വയസുകാരിയെ 25കാരന്‍ പീഡിപ്പിച്ച് കൊന്നത്. ബിജെപി എംഎല്‍എ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടി രംഗത്ത് വന്നതും ഇവിടെയാണ്. സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെതിരെ കേസെടുത്തിരുന്നു.
2017 ജൂലൈ നാലിനാണ് എംഎല്‍എയും സഹോദരനും തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. തന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിന് പിന്നാലെ കസ്റ്റഡിയില്‍ ഇരുന്ന പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ വ്യാപകമായ രീതിയില്‍ ബലാത്സംഗ വീഡിയോകള്‍ വിറ്റഴിക്കപ്പെടുന്നതായ വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. 50 മുതല്‍ 150 രൂപ വരെ ഈടാക്കിയാണ് അന്ന് വീഡിയോ വിറ്റഴിക്കപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഇതിനിടെ ഉത്തര്‍പ്രദേശിന് നാണക്കേടായി ഫോണ്‍ നമ്പര്‍ കരിഞ്ചന്തയെ കുറിച്ചുള്ള വിവവരവും പുറത്തുവന്നു.
മൊബൈല്‍ റീച്ചാര്‍ജ് കടകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ വില്‍പനയ്ക്ക് വെച്ചായിരുന്നു അതിക്രമം. പെണ്‍കുട്ടികളുടെ സൗന്ദര്യം അനുസരിച്ച് 50 മുതല്‍ 500 രൂപ വരെയാണ് ഇത്തരത്തില്‍ മൊബൈല്‍ നമ്പറുകള്‍ക്ക് കടയുടമകള്‍ ഈടാക്കിയത്. സ്ത്രീകള്‍ക്കായുള്ള ഹൈല്‍പ് ലൈന്‍ നമ്പറായ 1090ല്‍ ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി സ്ത്രീകള്‍ നല്‍കിയ ആറ് ലക്ഷം പരാതികളില്‍ 90 ശതമാനവും ഇത്തരത്തിലുള്ള ‘ഫോണ്‍ വിളി’ ശല്യത്തെ കുറിച്ചാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം ശല്യക്കാര്‍ക്ക് വേണ്ടി മൊബൈല്‍ ഫോണ്‍ കടയുടമകള്‍ വ്യാജ സിം കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്നതായും പൊലീസ് പറയുന്നുണ്ട്.