ന്യൂഡൽഹി: ഗസറ്റഡ് ഓഫീസർ ഒഴിവ് നികത്താൻ അതിർത്തി രക്ഷാ സേനയിലേക്ക് തിരഞ്ഞെടുത്ത 60 ശതമാനം പേരും ജോലിക്ക് ചേരാൻ വിസമ്മതിച്ചു. അതിർത്തിയിൽ പാക്കിസ്ഥാനുമായുള്ള അസ്വാരസ്യം രൂക്ഷമായതും, ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് ബിഎസ്എഫ് ജവാൻ ഫെയ്സ്ബുക് വീഡിയോ പോസ്റ്റ് ചെയ്തതുമാണ് ഈ മാറ്റത്തിന് കാരണമായി കരുതുന്നത്.

അസിസ്റ്റന്റ കമ്മാന്റന്റ് പോസ്റ്റിലേക്ക് 2015 ലാണ് യുപിഎസ്‌സി പരീക്ഷ നടത്തിയത്. ഇതിൽ 28 പേരെയാണ് ജോലിക്ക് തിരഞ്ഞെടുത്തത്. അർദ്ധസൈനിക വിഭാഗത്തിലേക്ക് ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന പ്രശ്നം നിലനിൽക്കുമ്പോൾ പോലും 16 പേരാണ് ഈ കൂട്ടത്തിൽ ജോലിക്ക്  ചേരാൻ വിസമ്മതിച്ചത്.

കണക്കുകൾ സൂചിപ്പിക്കുന്നത്, ഉയർന്ന റാങ്കിലേക്ക് പോലും ബിഎസ്എഫിൽ ജവാന്മാരെ കിട്ടാനില്ലെന്നാണ്. 2014 ൽ നടന്ന പരീക്ഷയിൽ ബിഎസ്എഫിലേക്ക് 31 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും 17 പേർ മാത്രമാണ് ജോലിക്ക് ചേർന്നത്. 2013 ൽ നടന്ന പരീക്ഷയിലെ ഉദ്യോഗാർത്ഥികളും കഴിഞ്ഞ വർഷമാണ് ജോലിക്ക് ചേർന്നത്. 110 പേരുടെ പട്ടികയിൽ 69 പേരാണ് ജോലിക്ക് ചേർന്നത്. എന്നാൽ ഇവരിൽ 17 പേർ പരിശീലന കാലത്ത് രാജിവയ്ക്കുകയും ചെയ്തു.

അതിർത്തി രക്ഷാ സേനയിൽ 5309 പേർക്കാണ്(അസിസ്റ്റന്റ് കമാന്റന്റ് മുതൽ മുകളിലേക്ക്) കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. നിലവിൽ 522 പേരുടെ ഒഴിവുണ്ട്.

ഭൂരിഭാഗം പേരും സിവിൽ സർവ്വീസ് ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികളാണെങ്കിലും നല്ലൊരു ശതമാനം സിഐഎസ്എഫ് ആണ് പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. മറ്റ് സൈനിക വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം തരം പരിചരണമാണ് ബിഎസ്എഫിൽ ലഭിക്കുന്നതെന്നും, കരിയർ വളർച്ച കുറവാണെന്നുമാണ് പിന്മാറ്റത്തിനായി കാരണമായി ഉദ്യോഗാർത്ഥികൾ പറയുന്നത്.

“സിഐഎസ്എഫ് ആയിരുന്നു ലക്ഷ്യമിട്ടതെന്നും റാങ്ക് കുറവായതിനാൽ ബിഎസ്എഫ് ലഭിക്കുകയായിരുന്നു. ഇതിനാലാണ് ജോലിക്ക് ചേരാതിരുന്നത്”​ ഝാർഖണ്ഡിൽ നിന്നുള്ള ഉദ്യോഗാർത്ഥി വിവേക് മിൻസ് പറഞ്ഞു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഐഎഎസ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞു.

“സിഐഎസ്എഫിൽ ആയിരുന്നെങ്കിൽ എനിക്ക് വൻ നഗരങ്ങളിലേതിലെങ്കിലും നിയമനം ലഭിച്ചേനെ. അങ്ങിനെ ആയിരുന്നെങ്കിൽ എനിക്ക് ഐഎഎസിന് പരിശീലിക്കാമായിരുന്നു.”

“ബിഎസ്എഫിൽ കമാന്റന്റ് ആയി പോലും കരിയർ വളർച്ച ലഭിക്കാതെ റിട്ടയർ ചെയ്യേണ്ടി വരുന്നവരുണ്ട്. ഇങ്ങിനെ കരിയർ വളരാത്ത ഒരിടത്ത് ജോലി ചെയ്യുമ്പോൾ വേതനം പോലും കൃത്യമായി വർദ്ധിക്കുന്നില്ല” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ഉദ്യോഗാർത്ഥി പറഞ്ഞു.

ഭൂരിഭാഗം ഉദ്യോഗാർത്ഥികളും ഈയിടെ സേനയിൽ നിന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിന്റെ ഫെയ്സ്ബുക്ക് വീഡിയോ കണ്ടിരുന്നു. ഇതിൽ ജവാന്മാർക്ക് ലഭിക്കുന്ന ഗുണമേന്മയില്ലാത്ത ഭക്ഷണത്തെ കുറിച്ചാണ് ജവാൻ പരാതിപ്പെട്ടിരുന്നത്.

ഉദ്യോഗാർത്ഥികൾ ജോലിക്ക് ചേരാൻ മടിക്കുന്നതിനെ പറ്റിയുള്ള കാരണത്തിന് ജോലി യുദ്ധ സ്ഥലത്തായതിനാലാണെന്ന മറുപടിയാണ് മുതിർന്ന ബിഎസ്എഫ് ഓഫീസർ നൽകിയത്. “ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി തുടങ്ങിയ സേന വിഭാഗങ്ങളിൽ സിആർപിഎഫും ബിഎസ്എഫും യുദ്ധമുഖത്താണ്.  പലർക്കും ഇത് വെറുമൊരു ജോലി മാത്രമാണ്. പട്ടാളമായി കാണുന്നില്ല. മാനസികമായി സേനയിൽ ചേരാൻ ആഗ്രഹിക്കാത്തവർ ചേരാതിരിക്കുന്നതാണ് ബിഎസ്എഫിനെ സംബന്ധിച്ച് ഗുണകരം” എന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ