ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളേജില്‍ 10 നവജാത ശിശുക്കള്‍ അടക്കം 16 കുട്ടികള്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ച 10 നവജാത ശിശുക്കളെ എന്‍ഐസിയുവിലും ആറ് കുട്ടികളെ ഐസിയുവിലും ആണ് പ്രവേശിപ്പിച്ചിരുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ ബിആര്‍ഡി ആശുപത്രിയില്‍ 1,470 രോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 310 പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ 63 കുട്ടികള്‍ മരിച്ചത് ഇതേ ആശുപത്രിയിലാണ്.

ഓക്സിജന്‍ വിതരണം നിലച്ചതാണ് നവജാത ശിശുക്കളടക്കമുളളവരുടെ ജീവനെടുത്തത്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഓക്‌സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്‌സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമ, ബിആര്‍ഡി ആശുപത്രി പ്രിന്‍സിപ്പള്‍ എന്നിവര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ മരിച്ചിരിക്കുന്നത് ഓക്സിജന്റെ അഭാവം മൂലമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഗുരുതരമായ അവസ്ഥയിലാണ് ഇത്രയും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വാദം.

തുടരുന്ന മരണങ്ങള്‍ക്കിടയിലും സ്വന്തം ഭാഗം ന്യായീകരിച്ച് രക്ഷപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഗോരഖ്പൂര്‍ മണ്ഡലത്തെ കഴിഞ്ഞ ഇരുപത് വര്‍ഷം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. കഴിഞ്ഞ ദിവസം കേരളത്തിന്റെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ആശുപത്രികളെ നോക്കി കേരളം പഠിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിരോധാഭാസ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook