ഭുവനേശ്വർ: കുരങ്ങൻ തട്ടിയെടുത്ത് കൊണ്ടുപോയ നവജാത ശിശു മരിച്ചനിലയിൽ. വീട്ടുവളപ്പിലെ കിണറ്റിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒഡിഷയിലെ കട്ടക്ക് ജില്ലയിലാണ് 16 മാസം പ്രായമുളള നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്ത് കാട്ടിലേക്ക് ഓടിയത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപകമായ രീതിയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വീട്ടിലെ കിണറ്റിൽനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

തലബസ്ത ജില്ലയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ആണ് കുരങ്ങന്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കുരങ്ങന്‍ എടുത്ത് ഓടുന്നത് കണ്ട മാതാവ് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. ഉടന്‍ തന്നെ ഗ്രാമവാസികള്‍ പൊലീസിനേയും വനംവകുപ്പിനേയും സംഭവം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പും അഗ്നിശമനാ സേനയും നാട്ടുകാരും ചേര്‍ന്ന് സമീപപ്രദേശങ്ങളിലും കാട്ടിലും തിരച്ചില്‍ നടത്തി.

ദമപത ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സഗ്രാം കേസരി മൊഹന്തിയുടെ നേതൃത്വത്തില്‍ 30 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയത്. ഇവര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുരങ്ങന്മാരുടെ ആക്രമണം ഈ പ്രദേശത്ത് വ്യാപകമാണ്. ആക്രമത്തിൽ നിരവധി ഗ്രാമവാസികൾക്ക് പരുക്കേറ്റിരുന്നു. കുരങ്ങന്മാരുടെ ആക്രമണം തടയാൻ പ്രദേശത്ത് വനംവകുപ്പ് യാതൊരു വിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും എടുത്തിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ