ന്യൂഡല്‍ഹി: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ സിക്കിമിലുള്ള സെമ എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നതെന്ന് സൈന്യം സ്ഥിരീകരിച്ചു.
“2022 ഡിസംബർ 23-ന് വടക്കൻ സിക്കിമിലെ സെമയിൽ സൈനിക ട്രക്ക് റോഡപകടത്തിൽപ്പെട്ട് 16 ജവാന്മാര്ക്ക് ജീവൻ നഷ്ടപ്പെട്ടു,” ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് അറിയിച്ചു.
രാവിലെ ചാട്ടനിൽ നിന്ന് തങ്കു ഭാഗത്തേക്ക് നീങ്ങിയ മൂന്ന് വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. സെമയിലെ യാത്രാമധ്യേ വാഹനം കുത്തനെയുള്ള തിരിവിലേക്ക് കടക്കുന്നതിനിടെയാണ് താഴ്ചയിലേക്ക് പോയത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പടുത്തി. “സിക്കിമില്‍ വച്ചുണ്ടായ റോഡ് അപകടത്തിൽ നമ്മുടെ ധീരരായ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ,” മോദിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ട്വിറ്ററിലൂടെ ദുഖം പങ്കുവച്ചു.
അപകടത്തിന് തൊട്ടുപിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്ന് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും (ജെസിഒ), 13 ജവാന്മാരുമാണ് മരണപ്പെട്ടത്. ഇവര്‍ക്ക് ഗുരുതര പരിക്കുകള്‍ പറ്റിയിരുന്നതായാണ് വിവരം.