ന്യൂഡൽഹി: കൈലാസ് മാനസസരോവറിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് 1,575 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. അതേസമയം തീർത്ഥാടനത്തിനായി പോയ മലയാളി ലീല മഹേന്ദ്ര നാരായണൻ ശരീരത്തിലെ ഓക്‌സിജൻ അളവ് കുറഞ്ഞ് മരിച്ചതായി റിപ്പോർട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. കാലാവസ്ഥ മോശമായത് രക്ഷാപ്രവർത്തനത്തെ വൈകിപ്പിക്കുന്നു. അപകടത്തിൽപെട്ട നൂറോളം പേർ മലയാളികളാണെന്നാണ് വിവരം. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ ഔദ്യോഗിക കണക്ക് പ്രകാരം 40 പേർ മാത്രമാണ് ഈ കൂട്ടത്തിലുളളത്.
നേപ്പാളിന്റെ സഹായത്തോടെ തീർത്ഥാടകരെ രക്ഷപ്പെടുത്താനുളള ശ്രമം തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം തീർത്ഥാടകരെല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
കനത്ത മഴയിൽ മഞ്ഞുമലയിൽ ഉരുൾപൊട്ടലുണ്ടായതാണ് യാത്ര തടസപ്പെടുത്തിയത്. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നുളള തീർത്ഥാടകർ മലയുടെ പല ഭാഗത്തായി കുടുങ്ങി. നേപ്പാൾഗഞ്ചിലെ സിമികോട് പ്രദേശത്ത് കർണ്ണാടകത്തിൽ നിന്നുളള 290 പേരുണ്ട്.
ഈ പ്രദേശത്ത് വച്ചാണ് ഓക്‌സിജൻ നില താഴ്ന്ന് 56 കാരിയായ ലീല മരിച്ചത്. അവരുടെ മൃതദേഹം നേപ്പാളിലെ വിമാനത്താവളത്തിലേക്ക് മാറ്റി. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ഇവിടെ വിമാന സർവ്വീസ് തടസപ്പെട്ടിരിക്കുകയാണ്.
റോഡ് മാർഗം രക്ഷാപ്രവർത്തനം അസാധ്യമാണ്. അതിനാൽ വ്യോമമാർഗ്ഗം രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം. നേപ്പാൾ ദുരന്ത നിവാരണ സേനയും, സൈന്യവും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ കോൺസുലേറ്റും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.