മുംബൈ : കോടീശ്വരനായ അനന്തകൃഷ്ണന്‍ നടത്തിപോരുന്ന എയര്‍സെല്‍ ലിമിറ്റഡ്, എയര്‍സെല്‍ സെല്ലുലാര്‍ ലിമിറ്റഡ്, ഡിഷ്നെറ്റ് വയര്‍ലസ് ലിമിറ്റഡ് എന്നീ കമ്പനികള്‍ പാപ്പര്‍സ്യൂട്ട്‌ ഫയല്‍ ചെയ്തു. 15,500കോടിരൂപ കടം ഉണ്ടെന്ന് കാണിച്ചാണ് ഇന്ത്യയിലെ ആറാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍സെല്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ മുന്‍പാകെ പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്യുന്നത്.

2017ല്‍ എയര്‍സെല്ലിനെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ലയിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അത് വിജയംകണ്ടില്ല. അവസാനമായി ടി അനന്തകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള മലേഷ്യന്‍ കമ്പനിയായ മാക്സിസ് എയര്‍സെല്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ കമ്പനിയുടെ ഓഹരി വില്‍ക്കുവാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കമ്പനി പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്യുന്നത് എന്ന് ദ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറെ സാമ്പത്തിക പിരിമുറുക്കമുള്ള വ്യവസായത്തില്‍ കമ്പനി ഏറെ ഏറെ കഷ്ടപെടുന്നതായി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ സമ്മതിക്കുന്നു. വ്യവസായത്തെ താറുമാറാക്കിക്കൊണ്ട് പുതിയ ചിലയുടെ കടന്നുവരവ്, നിയമപരമായതും നിയന്ത്രണത്തിലുമുള്ള വെല്ലുവിളികൾ, സുസ്ഥിരമായ കടം, ഉയർന്ന നിലയിലുള്ള നഷ്ടങ്ങൾ എന്നിവയാണ് തങ്ങളെ പ്രതികൂലമായി ബാധിച്ചത് എന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ജനുവരിയിലാണ് തങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായ് എയര്‍സെല്‍ തങ്ങളുടെ സര്‍വീസുകള്‍ ആറ് സര്‍ക്കിളുകളിലേക്ക് ചുരുക്കിയത്. പതിനേഴ്‌ സര്‍ക്കിളുകളിലായി 8.5 കോടി ഉപഭോക്താക്കളാണ് എയര്‍സെല്ലിനുള്ളത് എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ