ബറാമുല്ല (കശ്മീർ): പാക്ക് അധീന കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ 150 ഭീകരർ തയാറായി ഇരിപ്പുണ്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവർക്കുപുറമേ പൂഞ്ച്-രജൗരി പ്രദേശത്തിനു സമീപത്തായും ഭീകരർ നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ നുഴഞ്ഞു കയറാനുളള ഭീകരരുടെ പല ശ്രമങ്ങളും ഇന്ത്യൻ സൈന്യം തകർത്തതായും ലഫ്. ജനറൽ ജെ.എസ്. സന്ധു അറിയിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം അതിർത്തി വഴിയുളള ഭീകരരുടെ നുഴഞ്ഞു കയറ്റം വർധിച്ചിരുന്നു. എന്നാൽ ഈ വർഷം ഭീകരരുടെ ശ്രമങ്ങളെ സൈന്യം തടഞ്ഞിട്ടുണ്ട്. ഈ വർഷം കൂടുതൽ മഞ്ഞു വീഴ്ച ഉണ്ടായതും ഭീകരർക്ക് തിരിച്ചടിയായി. ഇതും നുഴഞ്ഞുകയറ്റം കുറയ്ക്കാൻ ഇടയാക്കി. നിയന്ത്രണരേഖയിലൂടെയുളള ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാൻ ഇന്ത്യൻ സൈന്യം സദാ ജാഗരൂകരായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിൽ സൈനിക ക്യാംപിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയോട് അടുത്തുളള കു‌പ്‌വാര ജില്ലയിലെ സൈനിക ക്യാംപിനുനേരെ ഇന്നു പുലർച്ചെ നാലു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ സേനാ ഉദ്യോഗസ്ഥനാണ്. ആക്രമണം നടത്തിയ രണ്ടു ഭീകരരെ മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സൈന്യം വധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ