ഗോവ: 2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതി രൂപീകരണത്തിനായി 150 ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു. ജൂണ്‍ 14 മുതല്‍ 15 വരെ ഗോവയില്‍ വച്ച് ഇതു ചര്‍ച്ചചെയ്യാനുള്ള യോഗം നടക്കുമെന്നാണ് പുറത്തുവന്ന വാർത്ത.
യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുളള സംഘടനയായ സനാതന്‍ സന്‍സ്ഥയും സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയുമാണ് യോഗം സംഘടിപ്പിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദുരാഷ്ട്രനിര്‍മാണം 2023ൽ പൂര്‍ത്തീകരിക്കുമെന്നാണ് ഹിന്ദു ജാനജാഗൃതി സമിതി ഭാരവാഹികള്‍ അവകാശപ്പെടുന്നത്. അതിനായുള്ള പദ്ധതിയും തന്ത്രവും രൂപപ്പെടുത്തലാവും യോഗത്തിന്റെ പ്രധാന ലക്ഷ്യം. ലൗ- ജിഹാദ്, മതപരിവര്‍ത്തനം, ഹിന്ദു സന്യാസികള്ക്കുനേരെയുള്ള ആക്രമം, ഹിന്ദുകളിലെ ജനസംഖ്യാകമ്മി എന്നുതുടങ്ങി സംഘപരിവാര്‍ സംഘടനകള്‍ നിരന്തരമായി ഉന്നയിക്കുന്ന പല വിഷയങ്ങളും ചര്‍ച്ചയാവും എന്നാണ് അറിയാന്‍ സാധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സ്വന്തക്കാരനായി’ വിവരിച്ച സംഘടന. നിലവിലെ ബിജെപി സര്‍ക്കാരിനു ഹിന്ദുകള്‍ ആവശ്യപ്പെടുന്ന പല വിഷയങ്ങളിലും ഇടപെടാന്‍ സാധിച്ചിട്ടില്ല എന്നും വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ്, കശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കള്‍ 370 ഒഴിവാക്കുക, അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് സംഘടനാഭാരവാഹികള്‍ വിലയിരുത്തുന്നത്.
2013ല്‍ അന്ധവിശ്വാസങ്ങൾക്കം അനാചാരങ്ങൾക്കും എതിരെ നിരന്തരം പോരാടിയ യുക്തിവാദിയും പുണൈ സ്വദേശിയുമായ എഴുത്തുകാരനായ ഡോ. നരേന്ദ്ര ദാബോല്‍ക്കറിനെ വധിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം സിബിഐ അറസ്റ്റ് ചെയ്ത വിരേന്ദ്ര താവ്ഡെ ഹിന്ദു ജാനജാഗൃതി സമിതിയുടെയും സനാതന്‍ സാന്സ്ഥയുടെയും പ്രവര്ത്തകന് ആണ്. മഹാരാഷ്ടയിലെ സി പി ഐ നേതാവായിരുന്ന ഗോവിന്ദ പൻസാരെയും അനാചാരങ്ങൾക്കും അന്ധിവിശ്വാസങ്ങൾക്കും എതിരായ നിലപാടുകൾ എടുത്തതിന്റെ പേരിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും നരേന്ദ്ര ധാബോൽക്കർ വധക്കേിസിലെ പ്രതിയായ വിരേന്ദ്ര താവ്ഡെയും സമീർ ഗെയ്ക്ക്വാദുമാണ് പ്രതികൾ. ഇരുവരും സനാതൻസൻസ്ഥയുടെ പ്രവർത്തകരാണ് പൊലീസ് വ്യക്തമാക്കിയിരുന്നു.
അനാചാരങ്ങൾക്കെതിരെ പോരാടിയിരുന്ന എഴുത്തുകാരനായ എം എം കൽബുർഗിയും കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ പ്രതിസ്ഥാനത്തുളളതും തീവ്രഹിന്ദു സംഘടനകളാണെന്ന് ആരോപണമുയർന്നിരുന്നു. കർണാടക സ്വദേശിയും എഴുത്തുകാരനും അധ്യപകനുമായിരുന്നു കൽബുർഗി.