scorecardresearch
Latest News

‘ഈ ജീവിതം കൊണ്ട് എനിക്ക് പൊരുതാനായില്ല, നീതിക്ക് വേണ്ടി അമ്മ പോരാടണം’

ദളിത് പെണ്‍കുട്ടി ആയത് കൊണ്ടാണ് മകളെ തീക്കൊളുത്തി കൊന്നതെന്നാണ് സഞ്ജലിയുടെ രക്ഷിതാക്കളുടെ വിശ്വാസം

ആഗ്ര: ഉത്തർപ്രദേശിലെ ആ​ഗ്രയില്‍ കൊല്ലപ്പെട്ട പത്താംക്ലാസുകാരിയായ ദലിത് പെൺകുട്ടി സഞ്ജയ്ക്ക് ഒരു ഐപിഎസ് ഉദ്യോഗസ്ഥയാവണം എന്നായിരുന്നു ആഗ്രഹം. ചൊവ്വാഴ്ചയായിരുന്നു സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന സഞ്ജലി ചാണക്യയെ ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ‌സഞ്ജലിയ്ക്ക് 55% പൊള്ളലേറ്റിരുന്നു. ശ്വാസനാളത്തിനും സാരമായ പരിക്കേറ്റിരുന്നു. നൗമീൽ ​ഗ്രാമത്തിലെ അഷർഫി ദേവി ചിദ്ദ സിങ് ഇന്‍റര്‍ കോളേജിലെ വിദ്യാർത്ഥിയായിരുന്നു സഞ്ജലി. പൊള്ളലേറ്റ സഞ്ജലിയെ ആദ്യം എസ്എൻ മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചു, പിന്നീട് ഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. 36 മണിക്കൂർ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്.

‘നീതിക്ക് വേണ്ടി പോരാടണം’ എന്നായിരുന്നു സഞ്ജലി തന്നോട് അവസാനമായി പറഞ്ഞതെന്ന് മാതാവ് അനിത ഓര്‍ത്തെടുക്കുന്നു. ‘ഈ ജീവിതം കൊണ്ട് എനിക്ക് പൊരുതാന്‍ ആയില്ല അമ്മാ. പക്ഷെ അമ്മ വിട്ടു കളയരുത്. നീതിക്ക് വേണ്ടി പോരാടണം,’ മകളുടെ വാക്കുകള്‍ അനിത ഓര്‍ത്തെടുക്കുന്നു. കൊലപാതരം നടന്നിട്ട് നാല് ദിവസം കഴിഞ്ഞിട്ടും എന്തിനാണ് സഞ്ജലിയെ കൊലപ്പെടുത്തിയതെന്ന് അവളുടെ കുടുംബത്തിനോ പൊലീസിനോ തിരിച്ചറിയാനായിട്ടില്ല. തങ്ങള്‍ ദളിതര്‍ ആയത് കൊണ്ടാണ് മകള്‍ കൊല്ലപ്പെട്ടതെന്നാണ് സഞ്ജലിയുടെ രക്ഷിതാക്കളുടെ വിശ്വാസം. പൊലീസിനും എതിരഭിപ്രായമില്ല. തനിക്കും കുടുംത്തിനും പ്രദേശത്തെ ആരുമായും ശത്രുതയുണ്ടായിരുന്നില്ലെന്ന് സഞ്ജലിയുടെ പിതാവ് ഹരേന്ദ്ര സിങ് പറയുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് രാത്രി 8.30ഓടെ ജോലി കഴിഞ്ഞ് വരികയായിരുന്ന തന്നെ രണ്ട് പേര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തലയ്ക്ക് പിന്നില്‍ അടിച്ചതായി ഹരേന്ദ്ര സിങ് പറയുന്നു. പക്ഷെ അന്ന് കളളന്മാരോ പിടിച്ചുപറിക്കാരോ ആയിരിക്കാം തന്നെ ഉപദ്രവിച്ചതെന്ന് അദ്ദേഹം കരുതി. പക്ഷെ തന്റെ മകളെ ബൈക്കിലെത്തിയവര്‍ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്കൊരു ഐപിഎസ് ഉദ്യോഗസ്ഥയാവണം എന്ന് മകള്‍ പറയുമായിരുന്നു. അവളുടെ ആഗ്രഹം സഫലീകരിച്ച് കൊടുക്കാന്‍ മാത്രമുളള കഴിവ് എനിക്കില്ലെന്ന് ഞാന്‍ മകളോട് പറഞ്ഞിരുന്നു. പക്ഷെ നമ്മള്‍ എങ്ങനേയും അത് നേടുമെന്നായിരുന്നു അവള്‍ പറഞ്ഞത്. അവള്‍ ഇന്റര്‍-കോളേജ് ക്വിസ് മത്സരത്തില്‍ വിജയിച്ച് ഒരു സൈക്കിള്‍ നേടിയിരുന്നു,’ ഹരേന്ദ്ര സിങ് പറയുന്നു.

സഞ്ജലി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ​നാട്ടുകാർ പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.സഞ്ജലിയുടെ കുടുംബാം​ഗങ്ങളെ കണ്ട ശേഷം ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സഞ്ജലിക്ക് നീതി തേടിക്കൊണ്ട് സമരപ്രഖ്യാപനം നടത്തി. ‘പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം ഞാൻ ആ പെൺകുട്ടിയെ കണ്ടിരുന്നു . ബഹുജൻ സമൂഹത്തിൽ എത്ര സഹോദരിമാരുണ്ടോ അവരെല്ലാം എന്‍റെ സഹോദരിമാരാണ്. ഏത് തരം പ്രശ്നത്തിലായാലും നമ്മൾ ഒന്നിച്ച് നിൽക്കും. ആ പെൺകുട്ടിക്ക് സംഭവിച്ചത് ഇനി ഈ രാജ്യത്ത് സംഭവിക്കരുത്. ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്നാൽ ചില ആളുകൾക്ക് എസ് സി എസ് റ്റി പീഡന നിരോധന നിയമം ലംഘിക്കൽ ഒരു വിനോദമായി മാറിയതുകൊണ്ടാണ്. ചിലർക്ക് ഇതൊരു കരിനിയമമാണ്. ആ​ഗ്രയിലുള്ള അധികാരികൾ കേട്ടോളൂ. ഞാൻ അവിടേക്ക് വരും. നേതാവല്ല ആ പെൺകുട്ടിയുടെ സഹോദരൻ ആണ് ഞാൻ. ഞങ്ങൾക്ക് നീതി വേണം. എന്‍റെ സഹോദരിയെ കത്തിച്ചു കൊന്നു കളഞ്ഞവരെ പൊലീസ് എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം” ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

സ‍ഞ്ജലിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. സഞ്ജലിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ചന്ദ്രശേഖർ ആസാദ് യോ​ഗി ആദിത്യനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ഹീനകൃത്യത്തിനെതിരെ രാജ്യത്തെങ്ങും ഓരോ ന​ഗരത്തിലും ഓരോ താലൂക്കിലും പ്രതിഷേധമുയരേണ്ടതുണ്ട്. എത്രയും വേദ​ഗം തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് അതിവേ​ഗ കോടതിയിൽ നടപടികൾ പൂർത്തിയാക്കി മൂന്ന് മാസത്തിനകം ശിക്ഷ വിധിക്കണം. ​ഗുജറാത്ത് വദ്​ഗാം എംഎൽഎയും ദളിത് നേതാവുമായ ജി​ഗ്നേഷ് മേവാനി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 15 year old dalit girl burnt alive in agra killed because she was a dalit

Best of Express