ഗുവാഹത്തി: ഡിസംബര്‍ 13 മുതല്‍ മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടിയുളള തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ല. എലിമാളം പോലെ വഴികളുളള ഖനിയില്‍ വെളളം കയറി 15 പേരാണ് കുടുങ്ങിയിരുന്നത്. എന്നാല്‍ ഖനിയില്‍ 17 പേര്‍ ഉണ്ടെന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി വ്യക്തമാക്കിയിരുന്നു. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തകരെ കുഴക്കുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും ഫലപ്രദമായ രീതിയില്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മേഘാലയയിലെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

’15 ഖനിത്തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ ശ്വാസം കിട്ടാതെ രണ്ടാഴ്ചയായി കഴിയുകയാണ്. അതേസമയം, പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ തലയുയര്‍ത്തി സെല്‍ഫിക്ക് പോസ് ചെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ശക്തിയേറിയ പമ്പ് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ദയവ് ചെയ്ത് പ്രധാനമന്ത്രി അവരെ രക്ഷിക്കണം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പാലമായ ബോഗിബീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത് സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന.

ജൈന്റിയ മലനിരയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. 100 കുതിരശക്തിയുളള പമ്പ് ഉപയോഗിച്ച് മാത്രമാണ് ഖനിയിലെ വെളളം പുറത്തേക്ക് കളയാനാവുക. എന്നാല്‍ പമ്പ് ഇതുവരെയും ലഭ്യമായിട്ടില്ല. മേഘാലയ സര്‍ക്കാരിന്റെ കൈവശം ഇത്രയും ശക്തിയുളള പമ്പ് ഇല്ല.

25 കുതിര ശക്തിയുളള പമ്പ് ഉപയോഗിച്ചാണ് നേരത്തേ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. അനധികൃത ഖനിയായതിനാൽ മുങ്ങൽ വിദഗ്​ധരെ സഹായിക്കാൻ സാധിക്കുന്ന ഭൂപടങ്ങളില്ല. വൻ പമ്പുകൾകൊണ്ടുവന്ന്​ വെള്ളം വറ്റിക്കാൻ ശ്രമിച്ചു. ഒരു ദിവസം മുഴുവൻ ശ്രമിച്ചിട്ടും ഒരു സെന്റീമീറ്റർപോലും ജലനിരപ്പ്​ കുറഞ്ഞിട്ടില്ല. 320അടിയുള്ള ഷാഫ്​റ്റ്​​ ഇറക്കിയപ്പോൾ 70 അടി പൂർണമായും വെള്ളത്തിൽ മുങ്ങി. കൽക്കരിയുമായി കലർന്ന്​ കറുത്ത നിറമായിരുന്നു വെള്ളത്തിന്​. സേനയുടെ മുങ്ങൽ വിദഗ്​ധർ അവിടെ അക്ഷരാർഥത്തിൽ അന്ധരാണെന്നും ഉദ്യോഗസ്​ഥർ അറിയിച്ചു.

നിലവിൽ എട്ട്​ മുങ്ങൽ വിദഗ്​ധരുണ്ട്​. 70 അടി താഴ്​ചയിൽ വെള്ളവുമുണ്ട്​​. എന്നാൽ കൽക്കരി മൂലം ഇവർക്ക്​ 30-40 അടി താഴ്​ചയിൽ കൂടുതൽ പോകാൻ സാധിക്കുന്നില്ല. തെളിഞ്ഞ വെള്ളത്തിൽ ഒരാൾക്ക്​ അഞ്ചടി താഴെ വരെ സാധാരണ കാഴ്​ച ലഭിക്കും. ചെളി വെള്ളത്തിൽ ഇത്​ മൂന്നടിയായി കുറയും. എന്നാൽ ഇപ്പോൾ 300 അടി താഴ്​ചയുള്ള ഖനിയിലെ പരസ്​പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടുങ്ങിയ അറകളിൽ ഇരുട്ടിൽ തപ്പുകയാണ്​ രക്ഷാപ്രവർത്തകർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ