ന്യൂഡൽഹി: കോവിഡിനെതിരെയുളള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 നാണ് രാജ്യത്ത് തുടങ്ങിയത്. ഒരാഴ്ച പിന്നിടുമ്പോൾ രാജ്യത്ത് 15 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 23 വൈകീട്ട് 6 വരെയുളള കണക്കനുസരിച്ച് 27,776 വാക്സിനേഷൻ സെന്ററുകളിലായി 15,37,190 പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്.

മറ്റേതു രാജ്യങ്ങളെക്കാളും ആദ്യഘട്ട വാക്സിൻ വിതരണത്തിൽ ഏറെ മുന്നിൽ ഇന്ത്യയാണ്. യുഎസിൽ 5.56 ലക്ഷം പേർക്കും, യുകെയിൽ 1.37 ലക്ഷം പേർക്കും, റഷ്യയിൽ 52,000 പേർക്കുമാണ് വാക്സിൻ നൽകിയത്.

ശനിയാഴ്ച രാവിലെ വരെയുളള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആദ്യവാരത്തിൽ കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണത്തിൽ മുന്നിലുളളത്. ആദ്യഘട്ട വാക്സിൻ വിതരണത്തിനുശേഷം പാർശ്വഫലങ്ങളെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ കോവിഡ്-19 വാക്സിനുമായി ഈ മരണങ്ങൾക്ക് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More: ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി പത്തൊമ്പതുകാരി സൃഷ്ടി ഗോസ്വാമി

വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ ക്ലിനിക്കൽ ട്രയൽ മോഡിന്റെ അടിസ്ഥാനത്തിൽ ഏഴു സംസ്ഥാനങ്ങൾക്കു കൂടി ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം അടിയന്തര അനുമതി നൽകി. ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് അടുത്ത ആഴ്ച മുതൽ കോവാക്സിൻ വിതരണത്തിന് അനുമതി നൽകിയത്.

നിലവിൽ 12 സംസ്ഥാനങ്ങളാണ് കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് എന്നിങ്ങനെ രണ്ടു വാക്സിനുകളും ഉപയോഗിക്കുന്നത്.

Read in English: <a href=”//indianexpress.com/article/india/15-lakh-vaccinated-in-week-1-covaxin-now-in-7-more-states-7159236/” rel=”noopener” target=”_blank”>15 lakh vaccinated in Week 1; Covaxin now in 7 more states

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook