സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ തീപിടിത്തത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരിച്ചു. വെളളിയാഴ്ച്ച ഉച്ചയോടെ തക്ഷശില അര്‍ക്കാഡെയുടെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയാണ് മരിച്ചത്. 20ഓളം വിദ്യാര്‍ത്ഥികളാണ് മരിച്ചതെന്നാണ് വിവരം.

മൂന്നാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ദൃക്സാക്ഷികൾ പകര്‍ത്തിയതാണ് ഈ വീഡിയോ. 19 ഫയറ്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Read in English: Surat fire LIVE Updates: 20 dead as flames engulf coaching centre; CM Vijay Rupani declares Rs 4 lakh relief to kin of deceased

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സംഭവം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ. എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.

ട്യൂഷന്‍ സെന്ററില്‍ അകപ്പെട്ട കുട്ടികള്‍ രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടും ഉണ്ട്. തീ ദേഹത്ത് പടര്‍ന്നതോടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ് രൂപാനി സംഭവത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരോട് സജ്ജമായിരിക്കാന്‍ കേന്ദ്രമന്ത്രി ജെ.പി നദ്ദ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook