ന്യൂഡൽഹി: ഇന്ത്യയിൽ 2015 ൽ മാത്രം 1.56 കോടി ഗർഭ ഛിദ്രം നടന്നിട്ടുള്ളതായി പഠനത്തിൽ വ്യക്തമായി. ഇതിൽ 81 ശതമാനം ഗർഭഛിദ്രവും ശാസ്ത്രീയമായിട്ടല്ല നടന്നിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു. സർക്കാരിന്റെ കണക്കുകൾ പ്രകാരം 7 ലക്ഷം ഗർഭഛിദ്രങ്ങളാണ് ആ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഗട്ട്മചർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോർട്ട് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ ഡിസംബർ 11 നു പ്രസിദ്ധപ്പെടുത്തിയിരുന്നു. താരതമ്യേന ഇന്ത്യയിൽ ഗർഭവതികളാകുന്ന വലിയ സ്ത്രീ സമൂഹം ഉള്ളത് കൊണ്ടും ഗർഭം ധരിക്കുന്ന സ്ത്രീകളുടെ പ്രായം 15 നും 49 നും ഇടയിലായതു കൊണ്ടുമാകാം ഗർഭഛിദ്രത്തിന്റെ അളവ് കൂടുന്നത്. എന്നാൽ പോലും 1000 സ്ത്രീകളിൽ 47 ശതമാനം എന്ന നിരക്കിലാണ് ഇന്ത്യയിൽ ഗർഭഛിദ്രം നടക്കുന്നത്.

1971 മുതൽ ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ശരിയായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ലെന്നു പഠന സംഘത്തിൽ ഉൾപ്പെട്ട ഡോ. ചന്ദർ ശേഖർ ചൂണ്ടിക്കാട്ടി. ഉയർന്ന തോതിൽ കാണപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഗർഭാവസ്ഥയുടെ ആദ്യ നാളുകളിലാണ് നടത്തപെടുന്നതെന്നു മാത്രമല്ല ശാസ്ത്രീയമായല്ലാതെ വിപണിയിൽ ലഭ്യമായ മരുന്ന് കഴിച്ചിട്ടാണെന്നും പഠനം വെളിവാക്കി. പതിനഞ്ചു ശതമാനം മാത്രമാണ് ശാസ്ത്രീയമായ രീതി അവലംബിച്ചിട്ടുള്ളത്. അഞ്ചു ശതമാനം തീർത്തും വന്യമായ രീതിയിലാണ് ഗർഭം ഇല്ലാതാക്കിയിട്ടുള്ളത്. അഞ്ചിൽ നാല് ഗർഭങ്ങളും ഗുളിക കഴിച്ചിട്ടാണ് ഇല്ലാതാക്കുന്നത്. തന്നെയുമല്ല പകുതിയിൽ അധികം സ്ത്രീകളിലും അവർ ആഗ്രഹിക്കാത്ത ഗർഭധാരണമാണ് നടക്കാറുള്ളത്. 1000 ൽ 70 ഗർഭിണികളുടെയും അവസ്ഥ ഇതാണെന്നു കണക്കുകൾ പറയുന്നു. ദമ്പതികൾക്കു പൊതുവെയും സ്ത്രീകൾക്ക് പ്രത്യേകിച്ചും ഗർഭനിരോധനവുമായി ബന്ധപ്പെട്ട സേവനങ്ങൾ പരിഷ്കരിക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഇന്ത്യയിൽ നിലവിലുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പരിഷ്കരിക്കണമെന്നു പല കോണുകളിൽ നിന്നും ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഗർഭഛിദ്രം നടത്താൻ ഉപാകരിക്കുന്ന ഗുളികകൾ ഇന്ന് വിപണിയിൽ ലഭ്യമാണെന്നിരിക്കെ സുരക്ഷിതമായ ഗർഭഛിദ്രം ഇന്ന് സാധ്യമാണ്. ഈ സാഹചര്യത്തിൽ പഴയ നിയമം കാലഹരണപ്പെട്ടതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ബോധവൽക്കരണം ഫലപ്രദമായ ഗർഭ നിരോധന മാർഗങ്ങളും ഔദ്യോഗിക തലത്തിൽ വേണെമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ