ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ബ്ലോക്ക് ചെയ്തത് 1,482 വെബ്സൈറ്റുകള്‍. നിയമ നയ സ്ഥാപനമായ സോഫ്റ്റ്വെയര് ഫ്രീഡം ലീഗല്‍ സെന്‍ട്രല്‍ (എസ്എഫ്എല്‍സി.ഇന്‍) സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ബ്ലോക്ക് ചെയ്തവയില് വെബ്പേജുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പേജുകള്‍ എന്നിങ്ങനെ എല്ലാതരം യുഎആര്‍എല്ലുകളും ഉള്‍പ്പെടുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ ടി) നിയമത്തിലെ 69 എ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഈ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും സുരക്ഷയുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം അല്ലെങ്കില്‍ പൊതു ക്രമം കണക്കിലെടുത്തും സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയോടോ ഏതെങ്കിലും ഇടനിലക്കാരനോടോ പൊതുജനങ്ങള്‍ക്കുള്ള വിവരങ്ങളുടെ പ്രവേശനം തടയാന്‍ ആവശ്യപ്പെടാമെന്ന് വകുപ്പ് പറയുന്നു.
”ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 69 എ വകുപ്പ് സര്‍ക്കാര്‍ വീണ്ടും വീണ്ടും ഉപയോഗിച്ചു, ഏതെങ്കിലും വിവരങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതിനുള്ള പരിമിതമായ കാരണങ്ങളെ പരാമര്‍ശിക്കുന്ന വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണു പലപ്പോഴും,” എസ്എഫ്എല്‍സി.ഇന്‍ ലീഗല്‍ ഡയറക്ടര്‍ പ്രശാന്ത് സുഗതന് പറഞ്ഞു
”9, 21, 362, 62, 471, 500, 633, 1385, 2799, 3635, 9849, 6096, 1482 എന്നിങ്ങനെയാണു 2010 മുതല്‍ 2022 മാര്‍ച്ച് വരെ 69 എ വകുപ്പ് പ്രകാരം യഥാക്രമം ബ്ലോക്ക് ചെയ്ത യുആര്‍എല്ലുകളുടെ എണ്ണം,” ഇന്ത്യന്‍ എക്സ്പ്രസിനു ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു.
2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (പൊതുജനങ്ങള്‍ക്കുള്ള വിവരം തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും) ചട്ടം 16 പ്രകാരം, ലഭിക്കുന്ന എല്ലാ അഭ്യര്‍ത്ഥനകളും പരാതികളും സംബന്ധിച്ച് കര്‍ശനമായ രഹസ്യസ്വഭാവം നിലനിര്‍ത്തണം. ദേശീയ സുരക്ഷയുടെ വിശാല താല്‍പ്പര്യം ചൂണ്ടിക്കാട്ടി കാര്യമായ വിവരങ്ങളൊന്നും നല്‍കാതെ സര്‍ക്കാരിന് ഏത് യുആര്‍എല്ലും തടയാന്‍ കഴിയുമെന്ന് അര്‍ഥം.