ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ പ്രായപൂര്‍ത്തിയാകാത്ത 144 പേരെ കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീര്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രീം കോടതിയില്‍. ഒമ്പതിനും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കസ്റ്റഡിയിലെടുത്തത്. മിക്കതും കരുതല്‍ തടങ്കലുകളാണ്.
ഇവരില്‍ 142 പേരെ വിട്ടു കഴിഞ്ഞെന്നും രണ്ട് പേരെ ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശു അവകാശ പ്രവര്‍ത്തക ഇനാക്ഷി ഗാംഗുലിയുടേയും സന്ത സിന്‍ഹയുടേയും ഹര്‍ജിയിലാണ് സുപ്രീം കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടിയത്. കുട്ടികളെ അനധികൃതമായി തടവിലാക്കിയെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
അതേസമയം, മേഖലയിലെ സ്കൂളുകളും കോളെജുകളും ഒക്ടോബര്‍ ഒമ്പതിന് തുറക്കും. ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ ഒമ്പതോടുകൂടിയോ അതിന് മുമ്പോ സ്കൂളുകളും കോളെജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചോയെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കമ്മിഷ്ണര്മാരുള്പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡിവിഷണല്‍ കമ്മിഷ്ണര്‍ ബഷീര്‍ അഹമ്മദ് നിര്‍ദേശം നല്കി.
അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നലെ പരിഗണിച്ചു. നവംബര്‍ 14 മുതല്‍ എല്ലാ ഹര്‍ജികളിലും വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ഇരു സഭകളും ബില്‍ പാസാക്കുകയും ചെയ്തിരുന്നു.