ന്യൂഡൽഹി: ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ പോസ്റ്റുചെയ്ത 143 പാക്കിസ്ഥാൻ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ചൊവ്വാഴ്ച അട്ടാരി-വാഗ അതിർത്തിയിലൂടെ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി. ഇന്ത്യൻ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് മടക്കം. അതേസമയം, പാക്കിസ്ഥാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 38 ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് തിരിച്ചു. കർതാർപൂർ സാഹിബ് ഇടനാഴിയുടെ ഭാഗം പാക്കിസ്ഥാൻ വീണ്ടും തുറന്നതിന് ശേഷമാണ് ഈ നീക്കം.

Read More: ഭീകരാക്രമണം; സിആർപിഎഫ് ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു, മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം

ചാരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഇവർ തീവ്രവാദ സംഘടനകളുമായി ഇടപാട് നടത്തുന്നതുമാണ് തീരുമാനത്തിന് കാരണമെന്നും വിദേശകാര്യ മന്ത്രാലയം ജൂൺ 23 ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കാൻ പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടതിന് ശേഷം ഇസ്‌ലാമാബാദിലെ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാനിൽ നിന്നും തിരിച്ചെത്തുന്ന ഉദ്യോഗസ്ഥരെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഇവരെ സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

“അഞ്ച് ദിവസത്തിന് ശേഷം ഞങ്ങൾ അവരെ വീണ്ടും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാക്കും. റിപ്പോർട്ടുകൾ നെഗറ്റീവ് ആയി തിരിച്ചെത്തിയാൽ ഏഴ് ദിവസത്തിന് ശേഷം ഡൽഹിയിലേക്ക് പോകാൻ അവരെ അനുവദിക്കും,” നോഡൽ മെഡിക്കൽ ഓഫീസർ നരേഷ് ചൌള പറഞ്ഞു.

അടുത്തിടെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച കാണാതായിരുന്നു. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥനെയും ഡ്രൈവറെയുമാണ് കാണാതായത്. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ അധികൃതർ ഹൈക്കമ്മീഷന് കൈമാറി.

പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചുവരുത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. ഉദ്യോഗസ്ഥരെ വിട്ടയക്കണമെന്ന് പാക് നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടിരുന്നു. ചാരവൃത്തിയുടെ പേരിൽ മേയ് 31 ന് ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. 2016 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നത്.

ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മീഷണർമാരെ തിരിച്ചുവിളിച്ചിരുന്നു. 2016 ഒക്ടോബറിൽ ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്ന് ഇരു രാജ്യങ്ങളും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

Read in English: 143 Pakistani officials with families return home via Wagah

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook