നോയിഡ: വീടിനു മുന്നില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലൂടെ റോഡ് റോളര്‍ കയറി 14 കാരന്‍ മരിച്ചു. സംഭവത്തില്‍ പരുക്കേറ്റ മറ്റൊരു കുട്ടി ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ ഉത്തർപ്രദേശിലെ അമേഠിയില്‍ വച്ചായിരുന്നു സംഭവം.

ആബിദ് എന്ന പതിനാലുകാരനാണ് മരിച്ചത്. സംഭവസ്ഥലത്തു വച്ചു തന്നെയായിരുന്നു ആബിദ് മരിക്കുന്നത്. കൂടെയുണ്ടായിരുന്ന ഷക്കീലാണ് ചികിത്സയില്‍ കഴിയുന്നത്. കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണ്. അതേസമയം, സംഭവത്തിന് പിന്നാലെ റോഡ് റോളറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കാണാതായ റോഡ് റോളര്‍ ഡ്രൈവര്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. അതേസമയം, അപകടത്തെക്കുറിച്ച് അറിയിച്ചെങ്കിലും അടിയന്തര സഹായമെത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. പിന്നീട് ഈ വിഷയം അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ