ശ്രീനഗർ: പതിനെട്ട് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഇന്ത്യൻ സൈന്യം വധിച്ച ഭീകരരിൽ 14 കാരനും. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ മുജുഗന്ദിൽ നടന്ന ആക്രമണത്തിൽ നാല് സൈനികർക്കും മൂന്ന് പ്രദേശവാസികൾക്കും പരുക്കേറ്റു. മുദാസിർ റാഷിദ് പരെയാണ് കൊല്ലപ്പെട്ട 14 കാരൻ. കശ്മീർ സ്വദേശിയായ സാഖിബ് മുഷ്‌താഖ്, പാക് പൗരൻ അലി ഭായ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. ഇവർ മൂവരും ലഷ്‌കറെ തയിബ ഭീകരരാണ്.

ഒരു സൈനികനും സിആർപിഎഫ് ജവാനും രണ്ട് പൊലീസുകാർക്കുമാണ് പരുക്കേറ്റത്. ശ്രീനഗറിൽ വീടിനകത്ത് ഭീകരർ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാണ് സൈന്യം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് രൂക്ഷമായ ആക്രമണം നടന്നത്. രണ്ട് ഭീകരരെ ശനിയാഴ്ച തന്നെ കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി ആക്രമണം അവസാനിപ്പിച്ചു. പിന്നീട് ഞായറാഴ്ച രാവിലെ വീണ്ടും ആക്രമണം നടത്തിയാണ് മൂന്നാമത്തെയാളെയും കീഴ്‌പ്പെടുത്തിയത്.

ബന്ദിപോര ജില്ലയിൽ ഹജിൻ ടൗൺ സ്വദേശിയാണ് കൊല്ലപ്പെട്ട മുദാസിർ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് വീട്ടിൽ നിന്നും കാണാതായത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ബിലാൽ അഹമ്മദ് എന്ന വിദ്യാർത്ഥിക്കൊപ്പമാണ് മുദാസിർ ഭീകരസംഘടനയിലേക്ക് പോയതെന്ന് കരുതപ്പെടുന്നു.

മാസങ്ങളോളമായി മുദാസിറിന് വേണ്ടി കുടുംബം തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. നവംബർ 29 ന് മുദാസിൽ എകെ 47 തോക്കുമേന്തി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കുടുംബം മകനെ തിരിച്ചറിഞ്ഞത്. “ഭീകരവാദം അവസാനിപ്പിച്ച്, വീട്ടിലേക്ക് മടങ്ങിവരൂ മകനേ,” എന്ന് മുദാസിറിന്റെ അമ്മ ഫെയ്‌സ്ബുക്കിലൂടെ അപേക്ഷിച്ചിരുന്നു.

മുദാസിറിന്റെ അച്ഛൻ രോഗിയാണെന്നും മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഭീകര സംഘടനയോട് ഫരീദ പരസ്യമായി ആവശ്യപ്പെട്ടു. മുദാസിറിനെതിരെ മുൻപ് കേസൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ല.

ഹാജിൻ ടൗണിൽ ഭീകരരുടെ വധത്തിൽ പ്രതിഷേധിച്ച് സൈന്യത്തിനും രാജ്യത്തിനും എതിരായി തദ്ദേശവാസികളായ സംഘം മുദ്രാവാക്യം മുഴക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ