ജനീവ: ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. 4300 നഗരങ്ങളുടെ പട്ടികയിൽ ആദ്യ 20 ൽ 14 ഉം ഇന്ത്യൻ നഗരങ്ങളാണ്. ഡൽഹി, വാരണാസി, കാൻപൂർ, ഫരീദബാദ്, ഗയ, പട്‌ന, ആഗ്ര, മുസാഫർപുർ, ശ്രീനഗർ, ഗുഡ്‌ഗാവ്, ജയ്‌പൂർ, പാട്യാല, ജോധ്‌പൂർ എന്നിവിടങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.

ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കടുത്ത നാണക്കേടായും ഇത് മാറി. ലോകത്തെ 108 രാജ്യങ്ങളിൽ നിന്നുളള 4300 നഗരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. ലോകത്തെ പത്തിൽ 9 പേരും മലിനമായ വായുവാണ് ശ്വസിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തി.

വായു മലിനീകരണം മൂലം 2016 ൽ 4.2 ദശലക്ഷം പേർ മരണമടഞ്ഞെന്ന കണ്ടെത്തലാണ് ഇതിൽ പ്രധാനം. ഇതിൽ 3.8 ദശലക്ഷവും ഗാർഹികവായു മലിനീകരണം മൂലം ഉണ്ടാകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു വർഷം ഏതാണ്ട് 7 ദശലക്ഷം പേർ വരെ വായുമലിനീകരണത്തെ തുടർന്ന് ആന്തരികാവയവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം മരണമടയുന്നതായാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ