ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപ്പിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ ഒരു തൊഴിലാളി കത്തിയ ബീഡിക്കുറ്റി അലക്ഷ്യമായി ഫാക്ടറിയില്‍ വലിച്ചെറിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ കൂടാനും സാധ്യതയുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നൈന്‍പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ അപകട സമയത്ത് നാല്‍പതോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പൊട്ടിത്തെറി നടന്ന് 15 മിനുറ്റുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. മരിച്ചവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

2015ലും ബാല്‍ഘട്ടില്‍ സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. അന്ന് പടക്ക നിര്‍മ്മാണ ഫാക്ടറിയിലെ പൊട്ടിത്തെറി കാരണം 12 വീടുകള്‍ക്കാണ് തീപിടിച്ചത്. അന്ന് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook