ധാക്ക: മ്യാന്‍മറില്‍ കലാപത്തിനിടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യവെ റോഹീങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 14 പേര്‍ മരിച്ചു. 10 കുട്ടികളും നാല് സ്ത്രീകളും ആണ് മരിച്ചത്. അഞ്ച് ലക്ഷത്തോളം റോഹീങ്ക്യകള്‍ പലായനം ചെയ്ത സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ കലാപം പടരുന്ന രാഖിനില്‍ സന്ദര്‍ശനം നടത്താന്‍ ഇരിക്കെയാണ് അപകടം ഉണ്ടായത്.

കരയിലെത്താന്‍ ഒരല്‍പം മാത്രം ദൂരം ബാക്കി നില്‍ക്കെ കടലിന് അടിയിലുളള എന്തോ വസ്തുവില്‍ തട്ടിയാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. പിന്നാലെ തിരമാലയില്‍ രക്ഷപ്പെട്ടവരും മൃതദേഹങ്ങളും കരയിലേക്ക് എത്തുകയായിരുന്നു. “തീരത്തോട് അടുത്തപ്പോള്‍ അടിയിലുളള എന്തിലോ തട്ടിയാണ് ബോട്ട് തകര്‍ന്നത്. അവര്‍ ഞങ്ങളുടെ കണ്‍മുന്നിലാണ് ഒഴുക്കില്‍ പെട്ടത്. മിനുട്ടുകള്‍ക്കകം തിരമാലകള്‍ മൃതദേഹങ്ങള്‍ കരയിലെത്തിച്ചു”, രക്ഷപ്പെട്ട മുഹമ്മദ് സൊഹൈല്‍ എന്ന അഭയാര്‍ത്ഥി പറഞ്ഞു.

തന്റെ മാതാപിതാക്കളേയും കുട്ടികളേയും ഒഴുക്കില്‍ പെട്ട് കാണാതായതായി ഒരു അഭയാര്‍ത്ഥി എഎഫ്പിയോട് പറഞ്ഞു. പ്രാദേശിക പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് ഫസലുല്‍ കരീം എന്ന പൊലീസുകാരന്‍​വ്യക്തമാക്കി. ഓഗസ്റ്റ് 25 മുതല്‍ മ്യാന്‍മറില്‍ നിന്നും അഞ്ച് ലക്ഷത്തിലധികം റോഹീങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് അഭയം തേടി എത്തിയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ