ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജലോറില്‍ മേല്‍ജാതിക്കാരനായ ആധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ ദളിത് ബാലന്‍ ഇന്ദ്രകുമാർ മേഘ്‌വാളിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി കുടുംബം താണ്ടിയത് രണ്ട് സംസ്ഥനങ്ങളിലായി 1,300 കിലോമീറ്റര്‍, എട്ട് ആശുപത്രികള്‍. ജൂലൈ 20 ന് പരിക്കേറ്റ ഇന്ദ്ര ഓഗസ്റ്റ് 13 ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകനുള്ള വെള്ളമെടുത്ത് കുടിച്ചതിനാണ് ഇന്ദ്ര ആക്രമിക്കപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ദ്രയുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടം എത്രത്തോളം തീവ്രമായിരുന്നു എന്നത് ചൂണ്ടിക്കാണിക്കുന്നു ആ കുടുംബം താണ്ടിയ ദൂരം.
ഇന്ദ്രയുടെ പിതാവ് ദേവാരം, മറ്റൊരു കുടുംബാംഗം എന്നിവരുടെ മൊഴി പ്രകാരം ജലോറിലെ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സുഭാഷ് ചന്ദ്ര മണി ഒരു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. തുടര്‍ന്ന് പ്രസ്തുത റിപ്പോര്‍ട്ട് ദേശീയ പട്ടികജാതി കമ്മിഷനും സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈ 20 ന് രാവിലെ ഏഴ് മണിക്കാണ് ഇന്ദ്ര സ്കൂളിലേക്ക് പുറപ്പെട്ടത്. അര മണിക്കൂറിന് ശേഷം സ്കൂളിലെത്തുകയും ചെയ്തു. ഉച്ചഭഷണത്തിനായുള്ള ഇടവേളയിലാണ് അധ്യാപകനും സ്കൂള്‍ ഉടമയുമായ ചയില്‍ സിങ്ങിന് കരുതിയിരുന്ന പാത്രത്തില്‍ നിന്ന് ഇന്ദ്ര വെള്ളം കുടിച്ചത്.
വെള്ളം കുടിക്കുന്നത് കണ്ട അധ്യാപകന്‍ ഇന്ദ്രയെ ആക്രമിക്കുയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നിലത്തു വീണ ഇന്ദ്രയുടെ ചെവിയില്‍ നിന്ന് രക്തം വരികയും ചെയ്തു.
ക്ലാസ് പൂര്‍ത്തിയായതിന് ശേഷം സ്കൂളിന് സമീപമുള്ള തന്റെ അച്ഛന്റെ പഞ്ചര്‍ ഷോപ്പിലേക്ക് ഇന്ദ്ര പോവുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. വൈകുന്നേരമായതോടെ ചെവി വേദന കഠിനമായി. ചെവി വേദനയ്ക്കുള്ള താത്കാലിക മരുന്ന നല്‍കിയെങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല.
തുടര്‍ന്ന് ബഗോഡയിലെ ബജ്രങ് ആശുപത്രിയിലേക്ക് ഇന്ദ്രയെ കൊണ്ടുപോയി, ജലോറില്‍ നിന്ന് 13 കിലോ മീറ്റര്‍ അകലെയാണ് ആശുപത്രി. സംഭവം നടന്ന ദിവസമാണോ അതോ അടുത്ത ദിവസമാണോ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. വേദനയ്ക്ക് കുറവ് വന്നതോടെ വീണ്ടും ജലോറിലേക്ക് ഇന്ദ്രയും കുടുംബവും മടങ്ങി.
ഒന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേദന വീണ്ടും കഠിനമായി. സുരാന വില്ലേജില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയുള്ള ബിന്മാലിലെ ആസ്ത മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്കായിരുന്നു അടുത്ത യാത്ര. ഒരു ദിവസത്തിന് ശേഷം വേദന കുറയുകയും തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അടുത്ത ദിവസവും വേദന തുടര്‍ന്നു. ബിന്മാലിലെ തന്നെ ത്രിവേണി ആശുപത്രിയില്‍ രണ്ട് ദിവസം കിടത്തി ഇന്ദ്രയെ ചികിത്സിച്ചു.
വേദന ശമിച്ചതോടെ വീണ്ടും വീട്ടിലേക്ക് മടക്കം. വേദനം വീണ്ടും വര്‍ധിച്ചതോടെ സുരാനയിലുള്ള പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ ഗുജറാത്തിലെ ദീസയിലേക്ക് കൊണ്ടുപോകാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. നാട്ടില്‍ നിന്നും 155 കിലോ മീറ്റര്‍ അകലയുള്ള ദീസയിലെ കര്‍ണി ആശുപത്രിയിലാണ് ഇന്ദ്രയെ പിന്നീട് അഡ്മിറ്റ് ചെയ്തത്. ചികിത്സയ്ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് നല്‍കി, തുടര്‍ന്ന് രാജസ്ഥാനിലേക്ക് കുടുംബം മടങ്ങി.
പക്ഷെ ഇന്ദ്രയുടെ ആരോഗ്യം പിന്നീട് കൂടുതല്‍ വഷളാകുന്നതാണ് കണ്ടത്. വീണ്ടും ത്രിവേണി ആശുപത്രിയിലേക്ക് ഇന്ദ്രയുമായി കുടുംബം എത്തി. മൂന്ന് ദിവസമാണ് ഇന്ദ്രയെ ത്രിവേണിയില്‍ അഡ്മിറ്റ് ചെയ്തത്. വേദന ഗുരുതരമായതോടെ ബിന്മാലില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ മെഹ്സാന ആശുപത്രിയിലേക്ക് അതിവേഗം ഇന്ദ്രയെ എത്തിച്ചു. മെഹ്സാനയില്‍ ആറ് ദിവസത്തെ ചികിത്സയാണ് നല്‍കിയത്. ആരോഗ്യസ്ഥിതിയില്‍ മെച്ചമുണ്ടാകാത്തതിനാല്‍ ഉദയ്പൂരിലുള്ള ഗീതാഞ്ജലി ആശുപത്രിയിലേക്ക് ഇന്ദ്രയെ മാറ്റി. മെഹ്സാനയില്‍ നിന്ന് 270 കിലോ മീറ്റര്‍ അകലെയാണ് ഗീതാഞ്ജലി. ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റെഫര്‍ ചെയ്തു.
ഇന്ദ്ര മരണപ്പെടുന്നതിന് ഏകദേശം 24 മണിക്കൂര്‍ മുന്‍പാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 ന് രാവിലെ 11.30 നായിരുന്നു ഇന്ദ്രയുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം അവസാനിച്ചത്.
“ആഗസ്റ്റ് 11 ന് ഇന്ദ്രയെ ആശുപത്രിയിൽ കൊണ്ടുവന്നു, ഓഗസ്റ്റ് 13 ന് മരണം സംഭവിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഇന്ദ്രയ്ക്ക് അണുബാധയ്‌ക്കൊപ്പം ക്രോണിക് സപ്പുറേറ്റീവ് ഓട്ടിറ്റിസ് മീഡിയ (സിഎസ്‌ഒഎം) ആയിരുന്നു. കണ്ണിന്റെ അണുബാധയ്ക്ക് പുറമെ തലച്ചോറിലെ നാഡികളില്‍ രക്തം കട്ടപിടിച്ചിരുന്നു. കുട്ടിക്ക് തൊണ്ടയില്‍ അണുബാധ ഉണ്ടായിരുന്നതിനാല്‍ അത് യൂസ്റ്റാച്ചിയൻ ട്യൂബിലൂടെ (ഇത് തൊണ്ടയെ ചെവിയുടെ മധ്യഭാഗവുമായി ബന്ധിപ്പിക്കുന്നു) മധ്യ ചെവിയിലേക്ക് പോകാം,” ഇന്ദ്രയുടെ കേസിനെക്കുറിച്ച് അറിയാവുന്ന അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പറഞ്ഞു.
അണുബാധ മധ്യ ചെവിയിൽ എത്തുമ്പോൾ, അതിനെ അക്യൂട്ട് സപ്പുറേറ്റീവ് ഓട്ടിറ്റിസ് മീഡിയ (എസിഒഎം) എന്ന് വിളിക്കുന്നു. ഒരു കുട്ടിക്ക് എസിഎം ബാധിച്ച് ഒരാഴ്ചയോ അതിൽ കൂടുതലോ കഴിഞ്ഞ്, അത് വിട്ടുമാറാത്ത രോഗത്തിലേക്ക് പോകുന്നു. ഇത് സിഎസ്ഒഎം ആയി മാറുന്നു. സിഎസ്ഒഎം പിന്നീട് ടിമ്പാനിക് മെംബ്രൺ (കർണ്ണപുടം) സുഷിരമാക്കുകയും പഴുപ്പ് പുറത്തുവരാൻ തുടങ്ങുകയും ചെയ്യും. അണുബാധ ചികിത്സിച്ചില്ലെങ്കിൽ തലയോട്ടിയിലെ എല്ലാ സുപ്രധാന അവയവങ്ങളിലേക്കും വ്യാപിക്കും. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.