ന്യൂഡൽഹി: 13 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ വിവിധ വെബ്സൈറ്റുകൾ വഴി ചോർന്നതായി സെന്റർ ഫോർ ഇന്റർനെറ്റ് ആന്റ് സൊസൈറ്റിയുടെ രേഖ. ഇതിൽ പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് രേഖകൾ​ ഉണ്ടെന്നാണ് വിവരം. കേന്ദ്രസർക്കാരിന്റെയും ആന്ധ്രപ്രദേശ് സർക്കാരിന്റെയും വെബ്സൈൈറ്റുകൾ വഴിയാണ് ചോർച്ചയുണ്ടായതെന്നാണ് സൊസൈറ്റി വ്യക്തമാക്കിയിരിക്കുന്നത്.

ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താൻ പാസ്‌വേഡില്ലാതെ വെബ്സൈറ്റിൽ രേഖകൾ നൽകിയതാണ് പ്രശ്നമായതെന്ന് കരുതുന്നു. ആന്ധ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെയടക്കമുള്ള വിവിധ ക്ഷേമപദ്ധതികൾക്ക് ഡിജിറ്റൽ സ്രോതസ്സുകളെ ആശ്രയിച്ചിരുന്നു.

ആധാർ നമ്പർ നൽകിയാൽ മുഴുവൻ വിവരങ്ങളും അപ്പോൾ തന്നെ ലഭിക്കുന്ന വിധത്തിലായിരുന്നു ഈ വെബ്സൈറ്റുകൾ സജ്ജീകരിച്ചിരുന്നത്. ഇതിനായി യാതൊരു വിധ സുരക്ഷ ക്രമീകരണങ്ങളും നൽകിയിരുന്നില്ല. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയടക്കം വിവിധ സർക്കാർ ഏജൻസികളാണ് സംഭവത്തിൽ പ്രതിസ്ഥാനത്ത് എത്തുക. സസംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ