ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് സംഭവം. അപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ കുറിച്ചുളള വാർത്ത തന്നെ ഞെട്ടിച്ചുവെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും രാഷ്ട്രപതി അറിയിച്ചു.

സ്കൂൾ കുട്ടികളുടെ മരണ വാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. യുപി സർക്കാരും റെയിൽവേ മന്ത്രാലയവും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ