scorecardresearch

തമിഴ്നാട് ബിജെപിയില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; 13 ഭാരവാഹികള്‍ പാര്‍ട്ടി വിട്ടു

ഐടി വിങ് ചീഫ് ഒരതി അന്‍ബരസ് ഉള്‍പ്പടെ 13 പേരാണ് പാര്‍ട്ടി വിട്ടത്

BJP, K Annamalai, IE Malayalam
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ

ചെന്നൈ: ബിജെപി തമിഴ്നാട് ഘടകത്തില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഐടി വിങ് ചീഫ് ഒരതി അന്‍ബരസ് ഉള്‍പ്പടെ 13 പേരാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയുടെ മുന്‍ സംസ്ഥാന ഐടി വിങ് ചീഫ് സിടിആര്‍ നിര്‍മല്‍ കുമാറിന്റെ പാത 13 പേരും പിന്തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി വിട്ട നിര്‍മല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു.

മറ്റ് രണ്ട് പാർട്ടി ഭാരവാഹികളും ബിജെപി വിട്ട് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിൽ ചേർന്നത് രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള വാക്പോരിലേക്ക് നയിക്കുകയും ചെയ്തു.

താൻ ഏറെ നാളായി ബിജെപിയുടെ ഭാഗമാണെന്നും പാർട്ടിയുടെ ഗൂഢാലോചനകളിൽ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും അന്‍ബരസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ബിജെപിയിലെ സംഭവവികാസങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ വീക്ഷിക്കുന്നതിനാലാണ് ചെറിയ നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പോലും വലിയ ശ്രദ്ധ ലഭിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പ്രതികരിച്ചു.

അതേസമയം, ബിജെപിയിലെ സംഭവവികാസങ്ങൾ മറ്റ് പാർട്ടികൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതിനാൽ ചില രണ്ടാം അല്ലെങ്കിൽ മൂന്നാം നിര നേതാക്കൾ പാർട്ടി വിടുന്നത് വലിയ മാനം കൈവരിച്ചിരിക്കുകയാണെന്ന് കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു.

അടുത്ത മൂന്ന് മാസത്തിന് ശേഷം വലിയ നേതാക്കള്‍ പാര്‍ട്ടി വിടാനും ചില വലിയ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാനും സാധ്യതയുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 13 more bjp functionaries quit party in tamil nadu