പ്രതാപ്ഗഡ്: രാജസ്ഥാനില്‍ വിവാഹ ഘോഷയാത്ര നടക്കുന്നതിനിടയിലേക്ക് അമിത വേഗതയില്‍ പാഞ്ഞെത്തിയ ട്രക്ക് കയറി 13 പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്കു പരുക്കേറ്റു. പ്രതാപ്ഗഡ്- ജയ്‌പൂര്‍ ദേശീയപാതയിലെ അംബാവാലിയിലായിരുന്നു അപകടം നടന്നത്.

തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ദേശീയ പാതയ്ക്കു സമീപം താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്ത് റോഡിന് അരികെകൂടി നടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ വധുവും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാല് കുട്ടികളുമുണ്ട്.

സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അപകടം പറ്റിയവര്‍ക്ക് പെട്ടന്ന് സുഖപ്പെടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം ബിഹാറിലും സമാനമായ അപകടമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി അശോക്‌നഗറില്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് ടാക്‌സിയിലിടിച്ച് ആറു പേര്‍ മരിച്ചിരുന്നു. വിവാഹചടങ്ങിനുശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ